ജീവനക്കാരുടെയും ഏജന്റുമാരുടെയും വിവിധ ക്ഷേമ പദ്ധതികൾക്ക് അനുമതി നൽകി ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനായ എൽഐസി. ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് പുതിയ നീക്കം. ഇതോടെ, 13 ലക്ഷത്തിലധികം വരുന്ന ഏജന്റുമാർക്കും ഒരു ലക്ഷത്തിലധികം സ്ഥിരം ജീവനക്കാർക്കും നേട്ടം കൈവരിക്കാൻ സാധിക്കും. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, എൽഐസി ഏജന്റുമാരുടെ ഗ്രാറ്റുവിറ്റി 5 ലക്ഷം രൂപയായാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ 3 ലക്ഷം രൂപയായിരുന്നു ഗ്രാറ്റുവിറ്റിയായി നൽകിയത്.
ഏജന്റുമാർക്കുള്ള ടേം ഇൻഷുറൻസ് പരിരക്ഷ 1.5 ലക്ഷം രൂപ വരെയാക്കി ഉയർത്തിയിട്ടുണ്ട്. മുൻപ് പരമാവധി 20,000 രൂപ വരെയായിരുന്നു ടേം ഇൻഷുറൻസ് പരിരക്ഷ നൽകിയിരുന്നത്. ഇതിന് പുറമേ, എൽഐസിയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ ക്ഷേമത്തിന് കുടുംബ പെൻഷൻ നൽകാനും തീരുമാനമായിട്ടുണ്ട്. ശമ്പളത്തിന്റെ 30 ശതമാനമെന്ന ഏകീകൃത നിരക്കിലാണ് കുടുംബ പെൻഷൻ നൽകാൻ സാധ്യത. അതേസമയം, ഒരിക്കൽ ഉപേക്ഷിച്ച ഏജൻസി പുനരാരംഭിക്കുന്ന ഏജന്റുമാർക്ക് റിന്യൂവൽ കമ്മീഷൻ നൽകുന്നതാണ്.