2000 രൂപ നോട്ടുകൾ ഇനിയും ബാങ്കിൽ തിരിച്ചേൽപ്പിച്ചില്ലേ? സമയപരിധി അവസാനിക്കാൻ ഇനി 10 ദിവസം മാത്രം ബാക്കി
രാജ്യത്ത് വിനിമയത്തിൽ നിന്നും പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാൻ ഇനി ശേഷിക്കുന്നത് 10 ദിവസം മാത്രം. പൊതുജനങ്ങൾക്ക് 2023 സെപ്റ്റംബർ 30 വരെ മാത്രമാണ് ബാങ്കുകളിൽ നോട്ടുകൾ നിക്ഷേപിക്കാനോ, മാറ്റി വാങ്ങാനോ സാധിക്കുകയുള്ളൂ. അതിനാൽ, 2000 രൂപ നോട്ടുകൾ കയ്യിലുണ്ടെങ്കിൽ അവ ഉടൻ തന്നെ ബാങ്കുകളിൽ തിരിച്ചേൽപ്പിക്കേണ്ടതാണ്. നോട്ട് തിരിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ ഓരോ ബാങ്കിന് അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്.
2023 മെയ് 19-നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. 2000 രൂപ നോട്ടുകൾ നിരോധിച്ച സാഹചര്യത്തിൽ, അവ ബാങ്കുകളിൽ നിക്ഷേപിക്കാനോ, മാറ്റി വാങ്ങാനോ ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. രാജ്യത്തെ എല്ലാ ബാങ്കുകളും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ തിരികെ ഏൽപ്പിക്കാൻ അവസാന ദിവസം വരെ കാത്തിരിക്കേണ്ടതില്ലെന്ന് ആർബിഐ ഗവർണർ നിർദ്ദേശിച്ചിരുന്നു. അവസാന ദിവസമാകുമ്പോൾ ഉണ്ടാകുന്ന തിരക്കുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശം നൽകിയത്.