EBM News Malayalam
Leading Newsportal in Malayalam

9 വർഷത്തെ ഇടവേള, മാഗിയുടെ 10 രൂപ പായ്ക്കറ്റ് തിരിച്ചുവരുന്നു! ലക്ഷ്യമിടുന്നത് വൻ വിപണി വിഹിതം


ന്യൂഡിൽസ് പ്രേമികളുടെ ഇഷ്ട ബ്രാൻഡായ മാഗി ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുന്നു. 10 രൂപയുടെ പായ്ക്കറ്റ് വീണ്ടും വിപണിയിൽ എത്തിക്കാനാണ് മാഗിയുടെ തീരുമാനം. ചെറിയ ഗ്രാമങ്ങളിലും, പട്ടണങ്ങളിലും ആകർഷകമായ വിലയുമായി വിപണി വിഹിതം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. 9 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് 10 രൂപ പായ്ക്കറ്റിന്റെ തിരിച്ചുവരവ്. ഒട്ടനവധി പ്രാദേശിക ബ്രാൻഡുകൾ വിപണിയിൽ ഇടം നേടിയതിനാൽ, ഇനി മുതൽ ഈ മേഖലയിൽ മികച്ച മത്സരം തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

2014 ഡിസംബറിലാണ് 10 രൂപ പായ്ക്കറ്റിന്റെ വില 12 രൂപയാക്കി മാഗി ഉയർത്തിയത്. 100 ഗ്രാമാണ് 10 രൂപയ്ക്ക് വിറ്റിരുന്നത്. പിന്നീട് 2022 ഫെബ്രുവരിയിൽ 12 രൂപയിൽ നിന്ന് 14 രൂപയാക്കി വീണ്ടും വില വർദ്ധിപ്പിച്ചു. നിലവിൽ, മാഗി ന്യൂഡിൽസിന്റെ 40 ഗ്രാം പാക്കറ്റാണ് 10 രൂപയ്ക്ക് വിപണിയിൽ എത്തുക. പ്രധാനമായും രാജ്യത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിലാണ് 10 രൂപ പായ്ക്കറ്റ് വിൽപ്പന കേന്ദ്രീകരിക്കുക. ഇത്തരം പ്രദേശങ്ങളിൽ മാഗി നൂഡിൽസ് ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങളുടെ ഡിമാൻഡും ഉയർന്നിട്ടുണ്ട്. 2022-ൽ കമ്പനി 55,000 ഗ്രാമങ്ങളും, 1,800 വിതരണ പോയിന്റുകളും കൂട്ടിച്ചേർത്തിയിട്ടുണ്ട്.