രാജ്യത്ത് ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ ഒന്നാമതെത്തി ഈ സംസ്ഥാനം, അറിയാം ഏറ്റവും പുതിയ റിപ്പോർട്ട്
രാജ്യത്ത് ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഏറ്റവും അധികം ഉള്ള സംസ്ഥാനമെന്ന നേട്ടം സ്വന്തമാക്കി കേരളം. നാഷണൽ ഡാറ്റാബേസ് ഫോർ അക്കോമഡേഷൻ യൂണിറ്റാണ് അന്തിമ പട്ടിക പുറത്തുവിട്ടത്. മഹാരാഷ്ട്ര, രാജസ്ഥാൻ, ഗോവ എന്നീ സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം ഒന്നാമതെത്തിയത്. ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരളം മുൻപന്തിയിൽ ആണെന്ന സൂചന കൂടിയാണ് ഈ റിപ്പോർട്ട് നൽകുന്നത്. വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
കേരളത്തിൽ 45 ഫൈവ് സ്റ്റാർ ഹോട്ടലുകളാണ് ഉള്ളത്. മികച്ച നിലവാരം പുലർത്തുന്ന ഹോട്ടലുകളെ വിനോദസഞ്ചാരികൾ ഏറെ ആശ്രയിക്കുന്നുണ്ട്. റാങ്കിംഗ് അനുസരിച്ച്, മഹാരാഷ്ട്രയിൽ 35 ഫൈവ് സ്റ്റാർ ഹോട്ടലുകൾ മാത്രമാണ് ഉള്ളത്. ഗോവയിൽ ഇത് 32 എണ്ണമാണ്. രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എണ്ണം 27 ആണ്. ‘ടൂറിസം രംഗത്തെ വികസനത്തിന് സംസ്ഥാന സർക്കാർ വലിയ പങ്ക് വഹിക്കുന്നുണ്ട്. സ്വകാര്യ മേഖലയിലും പ്രത്യേക ഊന്നൽ നൽകുന്നതിനാൽ ചുരുങ്ങിയ കാലയളവ് കൊണ്ട് കേരളത്തിലേക്കുളള ദേശീയ, രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്’, കേരള ടൂറിസം ഡയറക്ടർ പി.ബി നൂഹ് പറഞ്ഞു.