ലോകത്തിലെ ജീവിത ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ നഗരമായ മുംബൈ. പ്രശസ്ത പ്രോപ്പർട്ടി കൺസൾട്ടന്റ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിലാണ് മുംബൈ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ജീവിത ചെലവ് താരതമ്യേന ഉയർന്നിട്ടുള്ള 32 നഗരങ്ങളെയാണ് പഠനത്തിന് വിധേയമാക്കിയത്. കുറഞ്ഞ വിലയിൽ താമസസൗകര്യം ലഭ്യമാകുന്നതിനെ ആശ്രയിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നെറ്റ് ഫ്രാങ്ക് അന്തിമ പട്ടിക തയ്യാറാക്കിയത്.
ചെലവിന്റെ കാര്യത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനവും ഇന്ത്യയിൽ ഒന്നാം സ്ഥാനവുമാണ് മുംബൈക്ക് ഉള്ളത്. എന്നാൽ, സാധാരണക്കാരന് താങ്ങാവുന്ന ഏറ്റവും ചെലവ് കുറഞ്ഞ ഇന്ത്യൻ നഗരമായി തിരഞ്ഞെടുത്തത് ഗുജറാത്തിലെ അഹമ്മദാബാദിനെയാണ്. ഭൂരിഭാഗം ആളുകൾക്കും താങ്ങാനാക്കുന്ന ഭവന വിപണിയാണ് അഹമ്മദാബാദിലുള്ളത്. ജീവിത ചെലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ അഹമ്മദാബാദിന് പുറമേ, പൂനെയും കൊൽക്കത്തയും ഇടം പിടിച്ചിട്ടുണ്ട്.
ഇഎംഐ വരുമാന അനുപാതം കണക്കാക്കുമ്പോൾ 23 ശതമാനമാണ് അഹമ്മദാബാദിൽ ഉള്ളത്. പൂനെയിലും കൊൽക്കത്തയിലും ഇത് 26 ശതമാനം വീതമാണ്. ബെംഗളൂരുവിലും ചെന്നൈയിലും 28 ശതമാനം വീതവും, ഡൽഹിയിൽ 30 ശതമാനവും, മുംബൈയിൽ 55 ശതമാനവുമാണ്.