അതിവേഗം വളരുന്ന ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ ലക്ഷ്യമിട്ട് വിദേശ ബ്രാൻഡുകൾ. അടുത്ത 8 മാസത്തിനുള്ളിൽ ഏകദേശം ഇരുപതോളം വിദേശ ബ്രാൻഡുകളാണ് ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുക. ഇതോടെ, രാജ്യത്തിന്റെ റീട്ടെയിൽ വിൽപ്പനയിൽ ഗംഭീരമായ മുന്നേറ്റം തന്നെ പ്രതീക്ഷിക്കാവുന്നതാണ്. കോവിഡിന് ശേഷം വിപണി സാധ്യതകൾ മെച്ചപ്പെട്ട് തുടങ്ങിയത് വിദേശ ബ്രാൻഡുകളെ ആകർഷിക്കാൻ കാരണമായിട്ടുണ്ട്. കൂടാതെ, മികച്ച റീട്ടെയിൽ വിപണിയും, വർദ്ധിച്ചുവരുന്ന ഉപഭോക്തൃ താൽപര്യവും വിദേശ ബ്രാൻഡുകളെ ഇന്ത്യയിലേക്ക് കൂടുതൽ അടുപ്പിച്ചിട്ടുണ്ട്.
ഇറ്റാലിയൻ ലക്ഷ്വറി ഫാഷൻ ബ്രാൻഡായ റോബോർട്ടോ കവല്ലി, അമേരിക്കൻ സ്പോർട്സ് പാദരക്ഷാ ബ്രാൻഡായ ഫുട് ലോക്കര്‍, അർമാനിയുടെ ലക്ഷ്വറി കഫേ ബ്രാൻഡായ അർമാനി കഫേ, ബ്രിട്ടീഷ് ലക്ഷ്വറി ബ്രാൻഡായ ഡൻഹിൽ, ചൈനീസ് ബ്രാൻഡ് ഷെയിൻ, സ്പാനിഷ് ലക്ഷ്വറി ബ്രാൻഡായ ബലെൻസിയാഗ, യുകെ ആസ്ഥാനമായുള്ള ബോട്ടിക് കഫേ ഉൾപ്പെടെയുള്ള ഇരുപതോളം ബ്രാൻഡുകളാകും ഇന്ത്യൻ വിപണിയെ ലക്ഷ്യമാക്കി എത്തുക. ആദ്യ ഘട്ടത്തിൽ ഈ ബ്രാൻഡുകളിൽ ഭൂരിഭാഗവും മുംബൈ, ഡൽഹി എൻ.സി.ആർ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാകും സ്റ്റോറുകൾ ആരംഭിക്കുക. തുടർന്ന് ഘട്ടം ഘട്ടമായി മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. വിദേശ ബ്രാൻഡുകളെ ഇന്ത്യയിൽ എത്തിക്കുന്നതിനായി റിലയൻസ്, ആദിത്യ ബിർള തുടങ്ങിയ വലിയ ഗ്രൂപ്പുകൾ പ്രത്യേക പങ്ക് വഹിക്കുന്നുണ്ട്.