സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ടെക്സ്റ്റൈൽ മില്ലുകൾക്ക് വീണ്ടും പുതുജീവൻ വയ്ക്കുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈലുകൾക്ക് പ്രവർത്തന മൂലധനം അനുവദിച്ചതോടെയാണ് പുതിയ നീക്കം. റിപ്പോർട്ടുകൾ പ്രകാരം, സ്പിന്നിംഗ് മില്ലുകൾക്ക് 10.50 കോടി രൂപയാണ് പ്രവർത്തന മൂലധനമായി അനുവദിച്ചിരിക്കുന്നത്. ഇതോടെ, 5 ടെക്സ്റ്റൈൽ മില്ലുകൾ വീണ്ടും തുറന്നു പ്രവർത്തിക്കും. ഇത് സംബന്ധിച്ച വിവരങ്ങൾ മന്ത്രി പി.രാജീവ് പങ്കുവെച്ചിട്ടുണ്ട്. മില്ലുകളുടെ സമഗ്ര വികസനത്തിനായി എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. വിപണിയിലെ പ്രതിസന്ധികൾ നേരിടുന്നതിന് മില്ലുകളെ സ്വയം പര്യാപ്തമാക്കാനാണ് സർക്കാരിന്റെ ലക്ഷ്യം.
ആലപ്പുഴയിലെ പ്രഭുറാം മിൽസ്, കോട്ടയം ടെക്സ്റ്റൈൽസ്, മലപ്പുറം എടരിക്കോട് ടെക്സ്റ്റൈൽസ്, തൃശ്ശൂർ ജില്ലയിലെ സീതാറാം ടെക്സ്റ്റൈൽസ്, തൃശ്ശൂർ കോഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ എന്നിവയാണ് തുറക്കാനിരിക്കുന്നത്. മില്ലുകളുടെ പ്രവർത്തനം ഓണത്തിന് മുൻപ് തന്നെ പുനരാരംഭിക്കുന്നതാണ്. തുടർന്ന് മില്ലുകൾ ഘട്ടം ഘട്ടമായി നവീകരിക്കും. വിപണിയിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയും, അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവും, ഉയർന്ന വൈദ്യുതി നിരക്കുമാണ് സ്പിന്നിംഗ് മില്ലുകളെ തകർച്ചയുടെ പാതയിലേക്ക് നയിച്ച ഘടകങ്ങൾ. വിപണി മാന്ദ്യം മൂലം ഉൽപ്പന്നത്തിന് മികച്ച വില ലഭിക്കാത്തതും, മില്ലുകളുടെ ധനസ്ഥിതി മോശമാക്കി.