ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന റെക്കോർഡ് നേട്ടത്തിൽ. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽസ് ഡീലേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ പ്രസ്താവന അനുസരിച്ച്, രാജ്യത്ത് കഴിഞ്ഞ മാസം 3,93,250 പാസഞ്ചർ വാഹനങ്ങളാണ് വിറ്റഴിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ 3,47,086 വാഹനങ്ങളാണ് വിറ്റഴിക്കാൻ സാധിച്ചത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി 13.30 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പ്രതിമാസ വിൽപ്പനയിൽ 34.21 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. 2023 ഡിസംബർ മാസം 2,93,005 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
ഇന്ത്യയിലെ പാസഞ്ചർ വാഹന വിഭാഗം ജനുവരിയിൽ എക്കാലത്തെയും ഉയർന്ന നേട്ടമാണ് കൈവരിച്ചത്. പാസഞ്ചർ വാഹനങ്ങൾക്ക് പുറമേ, ഇരുചക്രവാഹനങ്ങളും വലിയ രീതിയിലുള്ള വിപണി വിഹിതമാണ് സ്വന്തമാക്കിയത്. ഈ വർഷം ജനുവരിയിൽ 14.96 ശതമാനം വാർഷിക വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ജനുവരിയിൽ മാത്രം 14,58,849 യൂണിറ്റുകൾ വിറ്റഴിക്കാൻ സാധിച്ചിട്ടുണ്ട്. അതേസമയം, 2023 ജനുവരിയിൽ 12,68,990 യൂണിറ്റുകളാണ് വിറ്റത്.