EBM News Malayalam
Leading Newsportal in Malayalam

നിര്‍ഭയ കേസില്‍ പട്യാല ഹൗസ് കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദില്ലി: നിര്‍ഭയ കേസില്‍ നിയമം ദുരുപയോഗം ചെയ്ത് ശിക്ഷ നീട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് പരിഗണിക്കുന്ന ഹര്‍ജിയില്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്കും കുറ്റവാളികള്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു.

എന്നാല്‍ നിയമപരമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം പ്രതികള്‍ക്ക് നല്‍കണമെന്ന ആവശ്യം അംഗീകരിച്ചായിരുന്നു വെള്ളിയാഴ്ച്ച പട്യാല കോടതി പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തത്. അതേസമയം നിര്‍ഭയ കേസിലെ മൂന്നാമത്തെ കുറ്റവാളി രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കി. അക്ഷയ് ഠാക്കൂറാണ് ദയാഹര്‍ജി നല്‍കിയത്.

വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. നേരത്തെ മുകേഷ് സിങ്ങും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചെങ്കിലും നിഷ്്ഫലമായിരുന്നു. ദില്ലി പട്യാല ഹൗസ് കോടതി വിധി പ്രകാരം നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാന്‍. 2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദില്ലിയില്‍ ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്.