‘നല്ല ചർച്ച, പുതിയ ജോലിയൊന്നും നോക്കുന്നില്ല’: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂർ Congress MP Shashi Tharoor says he is not Looking For A New Job after meeting Rahul Gandhi | ഇന്ത്യ വാർത്ത
Last Updated:
എല്ലാം ശുഭകരമാണെന്നും ചർച്ച വളരെ ക്രിയാത്മകമായിരുന്നു എന്നും ശശി തരൂർ
പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് എംപി ശശി തരൂർ. എല്ലാം ശുഭകരമാണെന്നും ചർച്ച വളരെ ക്രിയാത്മകമായിരുന്നു എന്നും ശശി തരൂർ പ്രതികരിച്ചു.
“ഞങ്ങൾ വളരെ ക്രിയാത്മകവും ഗുണപരവുമായ ചർച്ചയാണ് നടത്തിയത്. എല്ലാം ശുഭകരമാണ്, ഞങ്ങൾ ഒരേ നിലപാടിൽ മുന്നോട്ട് പോകുന്നു. ഇതിൽ കൂടുതൽ എന്താണ് പറയാനുള്ളത്,” പാർട്ടിയിലെ ഭിന്നതകളെക്കുറിച്ചുള്ള ചോദ്യങ്ങളെ ചിരിയോടെ തള്ളിക്കളഞ്ഞുകൊണ്ട് തരൂർ പറഞ്ഞു.
കോൺഗ്രസിനുള്ളിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് തരൂർ പരസ്യമായി സമ്മതിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. എന്നാൽ അത് പൊതു വേദിയിൽ ചർച്ച ചെയ്യേണ്ട കാര്യമല്ലെന്നും ആശങ്കകൾ നേതൃത്വത്തെ വ്യക്തമായി അറിയിക്കുമെന്നും തരൂർ പറഞ്ഞിരുന്നു. പാർലമെന്റിൽ കോൺഗ്രസിന്റെ നിലപാടുകളിൽ നിന്ന് താൻ ഒരിക്കലും വ്യതിചലിച്ചിട്ടില്ലെന്ന് പറയുമ്പോൾത്തന്നെ പാർട്ടി നേതൃത്വത്തിന് മുന്നിൽ തനിക്ക് ചില പ്രശ്നങ്ങൾ ഉന്നയിക്കാനുണ്ടെന്ന് ശശി തരൂർ നേരത്തെ പറഞ്ഞിരുന്നു.
ഒരു ലിറ്ററേച്ചർ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട യാത്രകളും തുടർച്ചയായ യാത്രകൾ മൂലമുള്ള തളർച്ചയും കാരണം പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന കാര്യം താൻ മുൻകൂട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും തരൂർ അന്ന് വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളിൽ തന്നെക്കുറിച്ച് വരുന്ന ചില റിപ്പോർട്ടുകൾ കൃത്യമായിരിക്കാം, എന്നാൽ മറ്റു ചിലത് അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.അതേസമയം കൊച്ചിയിലെ പാർട്ടി പരിപാടിയിൽ നീതിരഹിതമായ പെരുമാറ്റം നേരിടേണ്ടി വന്നെന്ന ആരോപണങ്ങളോട് അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷമാണ് തരൂരും കോൺഗ്രസും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ കണ്ടുതുടങ്ങിയത്. പ്രതിസന്ധി കൈകാര്യം ചെയ്തതിൽ പ്രധാനമന്ത്രിയെ തരൂർ പരസ്യമായി പ്രശംസിച്ചത് പാർട്ടിയിൽ നിന്ന് കടുത്ത പ്രതികരണങ്ങൾക്ക് കാരണമായി. തരൂർ ബിജെപിയിലേക്ക് പോകാൻ ഒരുങ്ങുകയാണെന്ന് വരെ ചില നേതാക്കൾ സൂചിപ്പിച്ചു. ഭീകരാക്രമണത്തെക്കുറിച്ചും ഇന്ത്യയുടെ പ്രതികരണത്തെക്കുറിച്ചും സൗഹൃദ രാജ്യങ്ങളെ ബോധ്യപ്പെടുത്താൻ ബിജെപി ക്ഷണിച്ച സർവ്വകക്ഷി പ്രതിനിധി സംഘത്തെ നയിക്കാൻ തരൂർ തയ്യാറായതോടെ അസ്വസ്ഥതകൾ വീണ്ടും വർദ്ധിച്ചു.
നവംബറിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ തരൂർ പ്രശംസിച്ചതും കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിലെ കുടുംബവാഴ്ചയെ വിമർശിച്ചുകൊണ്ടുള്ള ‘ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്സ്’ എന്ന പേരിൽ തരൂർ എഴുതിയ ലേഖനവും പാർട്ടി നേതൃത്വത്തിന് ഒട്ടും തൃപ്തികരമായിരുന്നില്ല.
New Delhi,New Delhi,Delhi
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y
