ഫിസിയോതെറാപ്പിസ്റ്റുകൾക്ക് ‘ഡോക്ടർ’ പദവി വ്യാജഡോക്ടർമാരെ സൃഷ്ടിക്കുമെന്ന് ഐ.എം.എ | IMA says High Court ruling allowing physiotherapists to use doctor prefix will create fake doctors | കേരള വാർത്ത
Last Updated:
ആരുടെയെല്ലാം പേരിന് മുൻപിൽ ‘ഡോക്ടർ’ എന്ന് ചേർക്കാമെന്നതിനെക്കുറിച്ച് സർക്കാർ വ്യക്തമായ സർക്കുലർ ഇറക്കണമെന്നാണ് ഐ.എം.എയുടെ ആവശ്യം
കൊച്ചി: ഫിസിയോതെറാപ്പിസ്റ്റുകൾക്ക് പേരിനൊപ്പം ‘ഡോക്ടർ’ എന്ന പദവി ഉപയോഗിക്കാമെന്ന കേരള ഹൈക്കോടതി വിധി നിർഭാഗ്യകരമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). ഈ വിധി സമൂഹത്തിൽ കൂടുതൽ വ്യാജ ഡോക്ടർമാരെ സൃഷ്ടിക്കാനേ ഉപകരിക്കൂ എന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഐ.എം.എ വ്യക്തമാക്കി.
നിലവിലെ നിയമമനുസരിച്ച് മോഡേൺ മെഡിസിൻ, ആയുഷ്, ഡെന്റൽ വിഭാഗങ്ങളിലെ രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർക്കും പി.എച്ച്.ഡി ലഭിച്ചവർക്കും മാത്രമാണ് പേരിന് മുൻപിൽ ‘ഡോക്ടർ’ എന്ന് ചേർക്കാൻ അനുവാദമുള്ളത്. എന്നാൽ ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന മെഡിക്കൽ പ്രാക്ടീഷണർ അല്ലാത്തവർ ഈ പദവി ഉപയോഗിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി.
‘ഡോക്ടർ’ എന്ന പദവി എല്ലാവരും ഉപയോഗിക്കുന്നത് രോഗികൾക്ക് യഥാർത്ഥ ചികിത്സകരെ തിരിച്ചറിയുന്നതിന് തടസ്സമാകുമെന്നും ഇത് വലിയ ആശയക്കുഴപ്പങ്ങൾക്ക് വഴിതെളിക്കുമെന്നും ഐ.എം.എ ചൂണ്ടിക്കാട്ടുന്നു. രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർ അല്ലാത്തവർ ഈ പദം ഉപയോഗിക്കരുതെന്ന് വ്യക്തമാക്കുന്ന ചെന്നൈ ഹൈക്കോടതി വിധി ഉൾപ്പെടെയുള്ള മുൻ ഉത്തരവുകളും ഐ.എം.എ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ വിഷയത്തിൽ ആരുടെയെല്ലാം പേരിന് മുൻപിൽ ‘ഡോക്ടർ’ എന്ന് ചേർക്കാമെന്നതിനെക്കുറിച്ച് സർക്കാർ വ്യക്തമായ സർക്കുലർ ഇറക്കണമെന്നാണ് ഐ.എം.എയുടെ ആവശ്യം. നിലവിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. എം. എൻ. മേനോനും സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രനും അറിയിച്ചു.
Thiruvananthapuram,Kerala
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y
