കുറിപ്പ് കൊറിയൻ ഭാഷയിൽ; എറണാകുളത്തെ 16 കാരിയുടെ മരണത്തിൽ അന്വേഷണം ഊർജിതം|16-Year-old adithya’s death case note found in Korean language | കേരള വാർത്ത
Last Updated:
കൊറിയൻ സുഹൃത്ത് എന്ന പേരിൽ ആരെങ്കിലും ആദിത്യയെ സാമൂഹിക മാധ്യമങ്ങൾ വഴി കബളിപ്പിച്ചതാണോ എന്ന് പോലീസിന് സംശയമുണ്ട്
കൊച്ചി: തിരുവാങ്കുളത്ത് ക്വാറിയിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. മാമല കക്കാട് സ്വദേശി മഹേഷിന്റെയും രമ്യയുടെയും മകൾ ആദിത്യ (16) ആണ് മരിച്ചത്. ചോറ്റാനിക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് ടെക്നീഷ്യൻ കോഴ്സ് ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു ആദിത്യ.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന ആദിത്യയുടെ മൂന്ന് പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ബാഗിലെ നോട്ട്ബുക്കിനുള്ളിൽ ഇംഗ്ലീഷിലാണ് കുറിപ്പ് എഴുതിയിരുന്നത്. സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് ഒരാഴ്ച മുൻപ് അപകടത്തിൽ മരിച്ചതായും ആ ദുഃഖം താങ്ങാൻ വയ്യാത്തതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും കുറിപ്പിലുണ്ട്. കൂടാതെ ആദിത്യയുടെ നോട്ട്ബുക്കിൽ കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കൾക്ക് തന്നോട് വലിയ സ്നേഹമാണെന്നും എന്നാൽ സുഹൃത്തിന്റെ മരണം സഹിക്കാനാവില്ലെന്നുമാണ് കുട്ടി എഴുതിയിരുന്നത്.
അതേസമയം, കൊറിയൻ സുഹൃത്ത് എന്ന പേരിൽ ആരെങ്കിലും ആദിത്യയെ സാമൂഹിക മാധ്യമങ്ങൾ വഴി കബളിപ്പിച്ചതാണോ എന്ന് പോലീസിന് സംശയമുണ്ട്. ആദിത്യയുടെ ഫോൺ നിലവിൽ ലോക്ക് ചെയ്ത നിലയിലാണ്. ഇത് സൈബർ സെല്ലിന്റെ സഹായത്തോടെ തുറന്ന് പരിശോധിച്ചാൽ മാത്രമേ യഥാർത്ഥ വിവരങ്ങൾ പുറത്തുവരികയുള്ളൂ എന്ന് ചോറ്റാനിക്കര പോലീസ് അറിയിച്ചു.
Ernakulam,Kerala
Jan 28, 2026 12:24 PM IST
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y
