‘പാർട്ടി രക്ഷപ്പെട്ടു’; സിപിഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു ലീഗിൽ ചേർന്നത് പായസം വെച്ച് ആഘോഷിച്ച് പ്രവർത്തകർ | CPIM Workers Distribute Sweets as District Leader suja chandra babu Joins Muslim League | കേരള വാർത്ത
Last Updated:
കൊല്ലം ജില്ലയിൽ നിന്നും ഒരാഴ്ചക്കിടെ സിപിഐഎം വിടുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് സുജ ചന്ദ്രബാബു
കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു പാർട്ടി വിട്ട് മുസ്ലിം ലീഗിൽ ചേർന്ന വാർത്ത മധുരം വിതരണം ചെയ്ത് ആഘോഷിച്ച് അഞ്ചലിലെ സിപിഐഎം പ്രവർത്തകർ. പച്ച ലഡുവും പായസവും വിതരണം ചെയ്ത പ്രവർത്തകർ, “പാർട്ടിയെ വഞ്ചിച്ചയാൾ പോയതോടെ പാർട്ടി രക്ഷപ്പെട്ടു” എന്ന് പ്രഖ്യാപിച്ചാണ് ആഘോഷം നടത്തിയത്.
ഇടതുപക്ഷത്തിനൊപ്പം നിന്ന് എല്ലാ പദവികളും സൗഭാഗ്യങ്ങളും അനുഭവിച്ച ശേഷം സുജ ചന്ദ്രബാബു കാണിച്ചത് വഞ്ചനയാണെന്ന് പ്രവർത്തകർ ആരോപിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലക്ഷ്യമിട്ടാണ് ഈ കൂടുമാറ്റമെന്നും ജനങ്ങൾക്കിടയിൽ ഇവർക്കെതിരെ വലിയ പ്രതിഷേധമുണ്ടെന്നും ആഘോഷത്തിൽ പങ്കെടുത്തവർ പറഞ്ഞു.
മൂന്ന് തവണ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുജ ചന്ദ്രബാബു, മുപ്പത് വർഷത്തെ സിപിഐഎം ബന്ധം ഉപേക്ഷിച്ചാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നും മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചത്. സിപിഐഎമ്മിനുള്ളിൽ പുറത്തുപറയുന്നതുപോലെയുള്ള മതനിരപേക്ഷതയില്ലെന്നും പാർട്ടിയുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് താൻ മാറുന്നതെന്നുമാണ് സുജയുടെ വിശദീകരണം.
കൊല്ലം ജില്ലയിൽ നിന്നും ഒരാഴ്ചക്കിടെ സിപിഐഎം വിടുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് സുജ ചന്ദ്രബാബു. കഴിഞ്ഞയാഴ്ച മുൻ കൊട്ടാരക്കര എംഎൽഎ ഐഷ പോറ്റി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.
Jan 23, 2026 11:38 AM IST
‘പാർട്ടി രക്ഷപ്പെട്ടു’; സിപിഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു ലീഗിൽ ചേർന്നത് പായസം വെച്ച് ആഘോഷിച്ച് പ്രവർത്തകർ
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y
