EBM News Malayalam
Leading Newsportal in Malayalam

സഭാവസ്ത്രം ഉപേക്ഷിച്ച് സിസ്റ്റര്‍ അനുപമ : ഇപ്പോൾ ഐടി സ്ഥാപനത്തിൽ ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ


കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസില്‍ ഇരയായ കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യാപിച്ച് സമരം നടത്തിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവില്‍ വീടിനു സമീപത്തുള്ള പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേ സമയം അനുപമ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ജലന്തര്‍ രൂപതയുടെ കീഴില്‍ കോട്ടയം കുറവിലങ്ങാട്ടു പ്രവര്‍ത്തിക്കുന്ന നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോം സന്യാസമഠത്തില്‍ നിന്ന് ഒന്നര മാസം മുന്‍പാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. സിസ്റ്റര്‍ അനുപമയെക്കൂടാതെ, സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ജോസഫൈന്‍ എന്നിവര്‍ കൂടി മഠം വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 13 തവണ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. സംഭവത്തില്‍ നടപടി ഇല്ലാതെ വന്നതോടെയാണ് സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ പരസ്യമായി സമരത്തിനിറങ്ങിയത്.

കുറവിലങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018 സെപ്റ്റംബറില്‍ ബിഷപ്പ് അറസ്റ്റിലായി. 105 ദിവസം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷം കോട്ടയം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി 2022 ജനുവരി 14 ന് ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിടുകയായിരുന്നു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y