EBM News Malayalam
Leading Newsportal in Malayalam

മാധബി ബുച്ചിനെതിരെ കേസെടുക്കാൻ മുംബൈ കോടതിയുടെ ഉത്തരവ്


മുംബൈ: ഓഹരി വിപണിയിലെ തട്ടിപ്പ്, നിയന്ത്രണ ലംഘനങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മുന്‍ ചെയര്‍പേഴ്സണ്‍ മാധവി പുരി ബുച്ച് , ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുംബൈയിലെ പ്രത്യേക അഴിമതി വിരുദ്ധ കോടതി ശനിയാഴ്ച ഉത്തരവിട്ടു.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഒരു കമ്പനി ലിസ്റ്റ് ചെയ്തതില്‍ വന്‍തോതിലുള്ള സാമ്പത്തിക തട്ടിപ്പും അഴിമതിയും നടന്നിട്ടുണ്ടെന്ന് ആരോപിച്ച് താനെ ആസ്ഥാനമായുള്ള പത്രപ്രവര്‍ത്തകന്‍ സപന്‍ ശ്രീവാസ്തവ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രത്യേക ജഡ്ജി എസ്.ഇ. ബംഗാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സെബി ഉദ്യോഗസ്ഥര്‍ അവരുടെ നിയമപരമായ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു, വിപണി കൃത്രിമത്വം സാധ്യമാക്കി, നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഒരു കമ്പനിയുടെ ലിസ്റ്റിംഗ് അനുവദിച്ചുകൊണ്ട് കോര്‍പ്പറേറ്റ് തട്ടിപ്പിന് വഴിയൊരുക്കി എന്ന് പരാതിക്കാരന്‍ വാദിച്ചു.
നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട ഒരു കമ്പനിയെ ലിസ്റ്റുചെയ്യാന്‍ സെബി ഉദ്യോഗസ്ഥര്‍ അനുവദിച്ചുവെന്നും ഇത് വിപണി കൃത്രിമത്വത്തിനും നിക്ഷേപകരുടെ നഷ്ടത്തിനും കാരണമായെന്നും പരാതിയില്‍ ആരോപിക്കുന്നു. സെബിയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള ഒത്തുകളി, ഇന്‍സൈഡര്‍ ട്രേഡിംഗ്, ലിസ്റ്റിംഗിന് ശേഷം പൊതു ഫണ്ട് വകമാറ്റല്‍ എന്നിവയും പരാതിയില്‍ ആരോപിക്കുന്നു.

മുന്‍ സെബി ചെയര്‍പേഴ്സണ്‍ മാധവി പുരി ബുച്ച്, മുഴുവന്‍ സമയ അംഗങ്ങളായ അശ്വനി ഭാട്ടിയ, അനന്ത് നാരായണ്‍ ജി, കമലേഷ് ചന്ദ്ര വര്‍ഷ്ണി, ബിഎസ്ഇ ചെയര്‍മാന്‍ പ്രമോദ് അഗര്‍വാള്‍, സിഇഒ സുന്ദരരാമന്‍ രാമമൂര്‍ത്തി എന്നിവരായിരുന്നു പരാതിയിലെ പ്രതികള്‍.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y