കോഴിക്കോട്: പ്രതികള്‍ക്ക് സംരക്ഷണമൊരുക്കാതെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് താമരശേരിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍. പ്രതികള്‍ക്കായി രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തുമെന്ന് ആശങ്കയുണ്ടെന്നും പ്രതികളില്‍ ഒരാളുടെ പിതാവ് പോലീസിലാണ് ജോലിചെയ്യുന്നതെന്നും ഇഖ്ബാല്‍ പ്രതികരിച്ചു.
Read Also: മാധബി ബുച്ചിനെതിരെ കേസെടുക്കാൻ മുംബൈ കോടതിയുടെ ഉത്തരവ്
‘പിടിയിലായ കുട്ടികളുടെ രക്ഷിതാക്കള്‍ സ്വാധീനമുള്ളവരാണ്. രാഷ്ട്രീയ സ്വാധീനം തൊണ്ണൂറു ശതമാനവും ഉപയോഗിക്കും എന്ന ആശങ്ക വളരേയധികമുണ്ട്. കുട്ടികള്‍ എന്തുചെയ്താലും പരീക്ഷ എഴുതിക്കാം എന്ന ധൈര്യം അവര്‍ക്കുണ്ട്. സാധാരണക്കാരായ ആളുകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അവര്‍ക്ക് സംരക്ഷണം കൊടുക്കാനും സ്വാധീനം ചെലുത്തി രക്ഷപ്പെടാനും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിക്കുന്നു. പക്ഷേ അത് സാധാരണക്കാര്‍ക്ക് കഴിയുന്നില്ല. സര്‍ക്കാറിലും നീതിപീഠത്തിലും ഉറച്ച വിശ്വാസമുണ്ട്. ഇന്ന് എന്റെ കുട്ടിക്ക് ഈ ഗതി വന്നു. നാളെ ഒരു കുട്ടിക്കും ഇത് വരാന്‍ പാടില്ല. ഇന്ന് ഈ സ്റ്റേജില്‍ നിന്നു, നാളെ വീണ്ടും താഴേത്തട്ടിലേക്കാണ് പോവുക. വീട്ടില്‍ നിന്നും കത്തിയും കൊടുവാളും ബാഗില്‍ കൊണ്ടുവന്ന് ചെയ്യില്ല എന്നാര് കണ്ടു? പ്രതികളില്‍ ഒരാളുടെ പിതാവ് ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ആക്രമിച്ചത്. ചുറ്റും നിന്ന് വളഞ്ഞാണ് മകനെ ആക്രമിച്ചത്. അവന്‍ പ്രശ്‌നക്കാരനല്ല, ഇതിലൊന്നും ഇടപെട്ടിട്ടില്ല.’ ഇഖ്ബാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
മകന്റെ മരണത്തിന് കാരണമായ വിദ്യാര്‍ഥികളെ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ അനുവദിക്കരുതായിരുന്നുവെന്നും പിതാവ് ഇഖ്ബാല്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ വേണമെന്നും ഇപ്പോഴത്തെ അന്വേഷണത്തില്‍ അതൃപ്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y