EBM News Malayalam
Leading Newsportal in Malayalam

പൂട്ടിയ വീട്ടിൽ നിന്നും എസിയും ഫാനുകളും ബാത്ത്റൂം ഫിറ്റിം​ഗ്സും മോഷ്ടിച്ച് കടന്നു, 6 മാസത്തിനു ശേഷം വീണ്ടും വന്നു


കൊച്ചി: മട്ടാഞ്ചേരിയിലെ അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും മോഷ്ടിച്ചത് എയർ കണ്ടീഷണറും ഫാനുകളും ബാത്ത്റൂം പൈപ്പ് ഫിറ്റിങ്സുകളും. മട്ടാഞ്ചേരി സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സുജാത റോഡിലുള്ള അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും ആറ് മാസം മുമ്പാണ് മോഷണം നടന്നത്. വീണ്ടും ഇവിടെത്തന്നെ നടത്തിയ മോഷണ ശ്രമത്തെത്തുടർന്നാണ് ഇവർ പിടിയിലായത്. മട്ടാഞ്ചേരി സ്വദേശികളായ 35 കാരൻ നബീൽ, 34 കാരനായ മജീദ് സിറാജ് എന്നിവരാണ് മട്ടാഞ്ചേരി പൊലീസി​ന്റെ പിടിയിലായത്.

കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് വീട്ടിൽ മോഷണം നടന്നതായി അറിയുന്നത്. തുടർന്ന് മട്ടാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മോഷണം നടന്നതിന് ശേഷം വീട്ടിൽ ഫിറ്റ് ചെയ്ത സിസിടിവി ക്യാമറയിൽ വീണ്ടും മോഷണ ശ്രമം നടത്തിയ പ്രതികളുടെ ദൃശ്യം പതിഞ്ഞു. മട്ടാഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാകുകയായിരുന്നു. പ്രതികളുടെ കുറ്റസമ്മത മൊഴിയിൽ നിന്നും തൊണ്ടിമുതലുകൾ പൊലീസ് കണ്ടെടുത്തു. പിടിയിലായ നബീലിനെ മറ്റൊരു മോഷണ കേസിൽ കഴിഞ്ഞ വർഷം മട്ടാഞ്ചേരി പൊലീസ് പിടികൂടി റിമാന്റ് ചെയ്തിരുന്നതാണ്. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മോഷണം നടത്തുകയായിരുന്നു.

മട്ടാഞ്ചേരി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ കിരൺ പി.ബി ഐപിഎസിന്റെ നിർദ്ദേശാനുസരണം, മട്ടാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ഷിബിൻ കെ.എ യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സബ് ഇൻസ്പെക്ടർമാരായ ജിമ്മി ജോസ്, സത്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എഡ്വിൻ റോസ്, സുനിൽ, സിവിൽ പൊലീസ് ഓഫീസർമാരായ ബേബിലാൽ, വിനോദ്, നിഖിൽ, ഉമേഷ് ഉദയൻ, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y