ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നടന്നത്. 5,600 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഡല്‍ഹിയില്‍ നിന്ന് നര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഈ സംഭവത്തോടെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ മുന്‍ യുവനേതാവിന്റെ പങ്കാളിത്തമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി രംഗത്തെത്തി. എന്നാല്‍ ഇത് കോണ്‍ഗ്രസ് നിഷേധിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
തെക്കന്‍ ഡല്‍ഹിയിലെ മഹിപാല്‍പുര്‍ എക്സ്റ്റന്‍ഷന്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ വമ്പന്‍ മയക്കുമരുന്ന് ശേഖരമാണ് പൊലീസ് പിടികൂടിയത്. 560 കിലോ കൊക്കെയ്നും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും പിടികൂടിയതിനോടൊപ്പം തന്നെ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ നാല് പേര്‍ അറസ്റ്റിലായതായും പൊലീസ് അറിയിച്ചു. പിടിയിലായവരില്‍ തുഷാര്‍ ഗോയലാണ് ഈ വന്‍ മയക്കുമരുന്ന് സംഘത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് ആരോപിക്കപ്പെടുന്നത്.
ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് വിവരാവകാശ സെല്ലിന്റെ ചെയര്‍മാനായി ഗോയല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് എന്നതാണ് ബി ജെ പി നേതാക്കള്‍ ആരോപിക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഘടകം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കളാണ് മയക്കുമരുന്ന് മാഫിയയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്.
കോണ്‍ഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുകയാണെന്നും ഈ പണം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിജയിക്കാനും ഉപയോഗിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് ഫണ്ട് കണ്ടെത്താനാണ് മയക്കുമരുന്ന് പണത്തിലൂടെ ഉദ്ദേശിച്ചതെന്നും ബി ജെ പി ഒരു പ്രസ്താവനയിലൂടെ ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൃംഖലയെയും ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ബി ജെ പിയുടെ ആരോപണം. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളേയും ബി ജെ പി ഇതുമായി ബന്ധപ്പെടുത്തുന്നു.
വിഷയത്തില്‍ ബി ജെ പി ഉയര്‍ത്തുന്ന ഏറ്റവും വലിയ ചോദ്യം ഗോയലിന്റെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ്. പാര്‍ട്ടിയിലെ ഗോയലിന്റെ പങ്ക് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ബി ജെ പി വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉത്തരം പറയണമെന്നും ആവശ്യപ്പെടുന്നു. 2022-ല്‍ ഡല്‍ഹി പ്രദേശ് യൂത്ത് കോണ്‍ഗ്രസിന്റെ ഐടി സെല്‍ ചെയര്‍മാനായിരുന്നു ഗോയല്‍ എന്ന് ചൂണ്ടിക്കാട്ടുന്ന ബി ജെ പി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള ഗോയലിന്റെ ഫോട്ടോകളും പുറത്തു വിട്ടു.
എന്നാല്‍ കോണ്‍ഗ്രസുമായുള്ള തുഷാറിന്റെ ബന്ധം വെളിവാക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടും തുഷാര്‍ ഗോയലുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ബി ജെ പിയുടെ ആരോപണങ്ങള്‍ നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള അപവാദ പ്രചരണമാണെന്നും അവര്‍ ആരോപിക്കുന്നു. എന്തായാലും അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ ഗോയലിന്റെ പങ്കാളിത്തത്തെക്കുറിച്ച് ഡല്‍ഹി പോലീസ് പ്രത്യേക സെല്ലിന് കീഴിലുള്ള അന്വേഷണം തുടരുകയാണ്. പോലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് ഗോയലിന് മിഡില്‍ ഈസ്റ്റുമായി കാര്യമായ ബന്ധമുണ്ടെന്നും ഇന്ത്യയിലുടനീളം മയക്കുമരുന്ന് വിതരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നയാളാണെന്നുമാണ് സൂചന. അതോടൊപ്പം തന്നെ കോണ്‍ഗ്രസുമായി അദ്ദേഹത്തിന് ഏതെങ്കില്‍ തരത്തില്‍ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ അത് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അടക്കം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയേക്കും.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y