EBM News Malayalam
Leading Newsportal in Malayalam

എം.ടിയുടെ വീട്ടിലെ മോഷണം: വഴിത്തിരിവായത് ശാന്തയുടെ വീട് നന്നാക്കിയതും മകളുടെ വിവാഹം ആഡംബരമായി നടത്തിയതും


കോഴിക്കോട്: സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയത് വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെന്നു പ്രാഥമിക അന്വേഷണത്തില്‍ത്തന്നെ കണ്ടെത്തിയതാണ് പൊലീസിന് വഴിത്തിരിവായത്. പാചകക്കാരി ശാന്തയാണു മോഷണം നടത്തിയതെന്നു മനസ്സിലാക്കാന്‍ പൊലീസിന് അധികം സമയം വേണ്ടി വന്നില്ല. ശാന്തയെ ചോദ്യം ചെയ്തപ്പോള്‍ ഇവരുടെ മറുപടിയില്‍ പൊരുത്തക്കേടുകള്‍ തോന്നി.

തുടര്‍ന്ന് ശാന്തയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോള്‍ വീട് നന്നാക്കിയതും മകളുടെ വിവാഹം ആഡംബരമായി നടത്തിയതും പൊലീസ് മനസ്സിലാക്കി. ബാങ്ക് അക്കൗണ്ടുകളെ കുറിച്ചും പണത്തെക്കുറിച്ചും ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. സെപ്റ്റംബറില്‍ മകളുടെ വിവാഹത്തിന് എവിടെനിന്നാണ് സ്വര്‍ണം എടുത്തതെന്നു ചോദിച്ചപ്പോള്‍ മിഠായിത്തെരുവിലെ ജ്വല്ലറിയില്‍ നിന്നാണെന്നു ശാന്ത മറുപടി പറഞ്ഞു. എന്നാല്‍ ഏതു ജ്വല്ലറിയില്‍നിന്നാണെന്നു പറഞ്ഞില്ല.

ശാന്തയുടെ മകളാണ് ജ്വല്ലറിയുടെ പേരു പറഞ്ഞത്. പൊലീസ് ജ്വല്ലറിയില്‍ എത്തിയപ്പോള്‍ ശാന്തയും ഭര്‍ത്താവ് സുകുമാരനുമാണു സ്വര്‍ണം വാങ്ങാന്‍ എത്തിയതെന്ന് ജ്വല്ലറിക്കാര്‍ അറിയിച്ചു. ഭര്‍ത്താവ് സുകുമാരന്‍ എന്നു പറഞ്ഞ് ബന്ധുവായ പ്രകാശനെയാണ് ജ്വല്ലറിയില്‍ കൊണ്ടുപോയതെന്നു വ്യക്തമായി. ശാന്തയുടെ ഫോണില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ വിളിച്ചിട്ടുള്ളതും പ്രകാശനെയാണ്. ഇതോടെയാണു സംശയം ബലപ്പെട്ടത്. പ്രകാശനെ പിടികൂടാന്‍ ബാലുശ്ശേരി വട്ടോളിയിലെ വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടാനും ശ്രമിച്ചു.

എം.ടി.വാസുദേവന്‍ നായരുടെ നടക്കാവിലെ വീട്ടില്‍നിന്നു 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി കരുവിശ്ശേരി ശാന്തിരുത്തി വയലില്‍ ശാന്ത (48), ബന്ധു വട്ടോളി കുറിഞ്ഞിപ്പൊയിലില്‍ പ്രകാശന്‍ (44) എന്നിവരെയാണു ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ശാന്തയാണ് നാലു വര്‍ഷത്തിനിടയില്‍ പലപ്പോഴായി വീട്ടില്‍നിന്നു ആഭരണങ്ങള്‍ മോഷ്ടിച്ചത്. കഴിഞ്ഞ മാസം 22 മുതലാണ് കൂടുതല്‍ ആഭരണം കവര്‍ന്നത്. മോഷ്ടിച്ച സ്വര്‍ണം നഗരത്തിലെ മൂന്നു കടകളില്‍ പലപ്പോഴായി വില്‍ക്കാന്‍ സഹായിച്ചതിനാണു പ്രകാശന്‍ അറസ്റ്റിലായത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y