ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യൻ നിരത്തുകൾ കീഴടക്കിയിരിക്കുകയാണ് വൈദ്യുത വാഹനങ്ങൾ. ചെലവ് കുറവും, പരിസ്ഥിതി സൗഹാർദ്ദവുമാണ് മറ്റുള്ളവയിൽ നിന്ന് വൈദ്യുത വാഹനങ്ങളെ വ്യത്യസ്തമാക്കുന്നത്. നിലവിൽ, വൈദ്യുത കാറുകൾ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന സംസ്ഥാനങ്ങളുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത്
ഏറ്റവും കൂടുതൽ വൈദ്യുത കാറുകൾ വിറ്റഴിക്കുന്നത് മഹാരാഷ്ട്രയാണ്. തൊട്ടുപിന്നിലായി കേരളവും ഗുജറാത്തും കർണാടകയും ഉണ്ട്. 2023-ല്‍ ആകെ വിറ്റഴിഞ്ഞ 82,000 ഇലക്ട്രിക്ക് കാറുകളിൽ 35 ശതമാനവും കേരളം, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.
ഇലക്ട്രിക് വാഹനങ്ങൾ സംബന്ധിച്ച് ഉപഭോക്താക്കൾക്കിടയിൽ അവബോധം വർദ്ധിച്ചതും, ചാർജിംഗ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളിലെ വളർച്ചയുമാണ് ഈ സംസ്ഥാനങ്ങളിൽ വൈദ്യുത കാർ വിൽപ്പന കൂട്ടാൻ ഇടയാക്കിയ പ്രധാന കാരണം. ഇന്ത്യയിലെ മൊത്തം വൈദ്യുത കാർ വിപണിയിൽ കേരളത്തിന്റെ വിപണി വിഹിതം 13.2 ശതമാനമാണ്. ടാറ്റാ മോട്ടോഴ്സ്, കോമെറ്റ്, ഇസഡ്.എസ് ഇവി, എംജി മോട്ടോഴ്സ്, ഹ്യുണ്ടായ് എന്നിവയാണ് ഇ.വി ശ്രേണിയിലെ ശ്രദ്ധേയർ. വൈദ്യുത വാഹനങ്ങൾക്ക് ഡിമാൻഡ് വർദ്ധിച്ചതോടെ പുതിയ കമ്പനികളും ഈ മേഖലയിൽ ചുവടുറപ്പിക്കാൻ എത്തിയിട്ടുണ്ട്.