ന്യൂഡല്‍ഹി : ഗ്യാന്‍വാപി കേസില്‍ എഎസ്‌ഐ റിപ്പോര്‍ട്ടിനെ തള്ളി അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി. സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഘോഷങ്ങള്‍ നടത്തുകയൊന്നും വേണ്ടെന്നും ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി പറഞ്ഞു .
‘സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന സംഘടനകള്‍ കോടതിയെ അവഹേളിക്കുകയാണ്. എന്നാല്‍ മുസ്ലീങ്ങള്‍ നിയമത്തെ ബഹുമാനിക്കുന്നു. അയോദ്ധ്യ വിഷയത്തില്‍ ഇത് തെളിയിക്കപ്പെട്ടതാണ്. ഗ്യാന്‍വാപിയുടെ കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി ഇതുവരെ തീരുമാനമൊന്നും പറഞ്ഞിട്ടില്ല . മുസ്ലീങ്ങള്‍ ഗ്യാന്‍വാപി ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം ഞങ്ങള്‍ നിരാകരിക്കുന്നു. അത് നടക്കില്ല.
എഎസ്ഐയുടെ സര്‍വേ റിപ്പോര്‍ട്ട് ഇതുവരെ അന്തിമമായിട്ടില്ല, അന്ധമായി വിശ്വസിക്കാനും കഴിയില്ല. 2003ല്‍ അയോദ്ധ്യ വിഷയത്തില്‍ എഎസ്ഐ സര്‍വേ നടത്തിയിരുന്നു. 575 പേജുള്ള റിപ്പോര്‍ട്ടില്‍ മസ്ജിദിന് താഴെ ക്ഷേത്രമുണ്ടെന്ന് പറഞ്ഞിരുന്നു. ഗ്യാന്‍വാപിയുടെ സര്‍വേ ഞങ്ങള്‍ വിശ്വസിക്കുന്നില്ല, ഞങ്ങള്‍ കോടതി വിധിക്കായി കാത്തിരിക്കുമെന്നും ഷഹാബുദ്ദീന്‍ റസ്വി പറഞ്ഞു.