ശബരിമല വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. നിലവിൽ, ഭൂമിയുടെ വിസ്തീർണവും കെട്ടിടങ്ങളുടെ വിശദമായ വിവരങ്ങളും ശേഖരിക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. വീടുകളുടെ വിസ്തീർണ്ണം, വീട്ടിലെ അംഗങ്ങളുടെ ജോലി, വരുമാനം, വയസ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ളവ രേഖപ്പെടുത്തുന്നുണ്ട്. മുഴുവൻ മാനദണ്ഡങ്ങളും പരിഗണിച്ചതിനു ശേഷമാണ് നഷ്ടപരിഹാരത്തുക എത്രയെന്ന് നിശ്ചയിക്കുക.
സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അന്തിമവിജ്ഞാപനത്തിന് മുന്നോടിയായി റവന്യു വകുപ്പും വിമാനത്താവള നിർമ്മാണ അധികൃതരും ചേർന്ന് സംയുക്ത പരിശോധന നടത്തുന്നതാണ്. തുടർന്ന് സ്ഥലത്തിന്റെ പ്രാധാന്യം അനുസരിച്ച് വിവിധ കാറ്റഗറിയായി തരംതിരിക്കും. ഈ കാറ്റഗറിക്ക് അനുയോജ്യവും സമാനവുമായ ആധാരങ്ങൾ കണ്ടെത്തുന്നതാണ്. അഞ്ചോ ആറോ ആധാരങ്ങളുടെ ശരാശരി വിലയുടെ അടിസ്ഥാനത്തിലായിരിക്കും സ്ഥലവില നിർണയിക്കുക.
സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കിയാൽ മൂന്ന് വർഷത്തിനുള്ളിൽ വിമാനത്താവളം സജ്ജമാക്കാനാണ് സർക്കാരിന്റെ തീരുമാനം. സംസ്ഥാന സർക്കാരിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കുന്നതിനോടൊപ്പം, കേന്ദ്രസർക്കാരിൽ നിന്നും നിരവധി അനുമതികൾ ലഭിക്കാനുണ്ട്. ഇതിൽ ഏറ്റവും പ്രധാനം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടേതാണ്. തുടർന്ന് ഘട്ടം ഘട്ടമായി ഓരോ സ്ഥാപനങ്ങളുടെയും അനുമതി നേടണം.