EBM News Malayalam
Leading Newsportal in Malayalam

ഹരിത ഹൈഡ്രജൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്, ആദ്യ പ്ലാന്റ് അടുത്ത വർഷം സജ്ജമാകും


ഗുജറാത്ത്: ഹരിത ഹൈഡ്രജൻ ഉൽപ്പാദന രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് കോർപ്പറേറ്റ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ്. രാജ്യത്തെ ആദ്യ ഹൈഡ്രജൻ പ്ലാന്റ് ഗുജറാത്തിലെ ജാംനഗറിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇവയുടെ പ്രവർത്തനം അടുത്ത വർഷം മുതൽ ആരംഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് വ്യക്തമാക്കി. ഇതാദ്യമായാണ് ഒരു സ്വകാര്യ കമ്പനി കാർബൺ വികിരണം ഏറ്റവും കുറവുള്ള ഹൈഡ്രജൻ ഉൽപ്പാദന രംഗത്ത് വമ്പൻ നിക്ഷേപങ്ങൾ നടത്തുന്നത്. ജാംനഗറിലെ പ്ലാന്റിൽ നിർമ്മിക്കുന്ന ഹരിത ഹൈഡ്രജൻ ജിയോ-ബിപി ഔട്ട്‌ലെറ്റുകളിലൂടെ വിൽക്കാനാണ് തീരുമാനം.

പരിസ്ഥിതി സൗഹൃദ ഇന്ധന മേഖലയിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 80,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ റിലയൻസ് ഇൻഡസ്ട്രീസ് പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹരിത ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിന് 10 ജിഗാവാട്ട് സ്ഥാപിത ശേഷിയുള്ള സൗരോർജ നിർമ്മാണ പ്ലാന്റും മോഡ്യൂൾ ഫാക്ടറിയും ഈ വർഷം തന്നെ ജാംനഗറിൽ പ്രവർത്തനമാരംഭിക്കും.

ഗതാഗത ആവശ്യത്തിനുള്ള വാണിജ്യ വാഹനങ്ങളിൽ ഹരിത ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതിനായി അശോക് ലൈലാൻഡ് ഉൾപ്പെടെ മുൻനിര ട്രക്ക് കമ്പനികളുമായി റിലയൻസ് ഇൻഡസ്ട്രീസ് ധാരണയിൽ എത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ഹൈഡ്രജന്റെ ഇന്റേണൽ കമ്പസ്റ്റ്യൻ എൻജിൻ സാങ്കേതികവിദ്യയിൽ ഓടുന്ന ഇന്ത്യയിലെ ആദ്യത്തെ ഹെവി ഡ്യൂട്ടി ട്രക്കുകൾ ഇരുകമ്പനികളും ചേർന്ന് വിപണിയിൽ ഇറക്കുന്നതാണ്. ലോകത്തെ ഏറ്റവും പരിസ്ഥിതി സൗഹൃദ ഇന്ധനമാണ് ഹൈഡ്രജൻ.