ഭക്ഷ്യ വിപണന രംഗത്ത് ചുവടുകൾ ശക്തമാക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാറ്റ ഗ്രൂപ്പ്. ചിംഗ്സ് സീക്രട്ട്, സ്മിത്ത് ആൻഡ് ജോൺസ് എന്നിവയുടെ ഉടമയായ ക്യാപിറ്റൽ ഫുഡ്സ്, ഫാബിന്ദിയയുടെ പിന്തുണയുള്ള ഓർഗാനിക് ടീ, ഹെൽത്ത് ഉൽപ്പന്ന നിർമ്മാതാക്കളായ ഓർഗാനിക് ഇന്ത്യ തുടങ്ങിയവയുടെ 100 ശതമാനം ഓഹരികൾ ടാറ്റ ഗ്രൂപ്പ് ഉടൻ തന്നെ ഏറ്റെടുക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കരാറിൽ ഇരു കമ്പനികളും ഒപ്പുവെച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ കൺസ്യൂമർ പ്രോഡക്ട്സാണ് ഏറ്റെടുക്കൽ നടത്തുന്നത്. മൊത്തം 7000 കോടി രൂപയുടേതാണ് ഇടപാട്.
ക്യാപിറ്റൽ ഫുഡ്സിനെ 5100 കോടി രൂപയ്ക്കും, ഓർഗാനിക് ഇന്ത്യയെ 1900 കോടി രൂപയ്ക്കുമാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുക. ഇഷ്യൂ ചെയ്ത മുഴുവൻ ഇക്വിറ്റി ഷെയർ ക്യാപിറ്റൽ ഘട്ടം ഘട്ടമായി ഏറ്റെടുക്കാനാണ് കമ്പനിയുടെ തീരുമാനം. ഇക്വിറ്റി ഷെയർഹോൾഡിംഗിന്റെ 75 ശതമാനം മുൻകൂറായി ഏറ്റെടുക്കുമെന്നും ബാക്കിയുള്ള 25 ശതമാനം ഓഹരി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏറ്റെടുക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ ക്യാപിറ്റൽ ഫുഡ്സിന്റെ വിറ്റുവരവ് ഏകദേശം 750 മുതൽ 770 കോടി രൂപ വരെയാണ്.