ഇത്തരം തമാശകള്‍ എന്നെ ചിരിപ്പിക്കാറില്ല: ബോഡിഷെയ്മിങിനെ ന്യായീകരിച്ച ബിനു അടിമാലിക്ക് മറുപടിയുമായി മഞ്ജു പത്രോസ്
സിനിമയിലും ടെലിവിഷൻ പരിപാടിയിലും തമാശയായി ബോഡിഷെയ്മിങ് നടത്തുന്നത് ധാരാളമാണ്. ഇതിനെ ന്യായീകരിച്ചു കൊണ്ട് നടൻ ബിനു അടിമാലി സംസാരിച്ചപ്പോൾ അതേ വേദിയില്‍ താരത്തിന് മറുപടി നൽകി മഞ്ജു പത്രോസ്.
‘ഒരുപാട് ദുഃഖങ്ങള്‍ ഉള്ളില്‍ ഒതുക്കിയാണ് ഓരോ പരിപാടിയും ഞങ്ങള്‍ ചെയ്യുന്നത്. പ്രേക്ഷകര്‍ക്ക് സന്തോഷം ലഭിക്കട്ടെ എന്ന കാര്യം ഓര്‍ത്താണ് ഓരോ തമാശയും ചെയ്യുന്നത്. അതില്‍ ബോഡി ഷെയ്മിങോ ഒരാളെ വ്യക്തിപരമായി ദ്രോഹിക്കുകയോ ഒന്നുമല്ല ഉദ്ദേശിക്കുന്നത്. പണ്ടത്തെ സിനിമകളില്‍ ബോഡി ഷെയ്മിങ് എന്ന സംഭവമില്ലായിരുന്നു. തമാശകള്‍ അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ട്. സിനിമ വിജയിക്കാൻ വേണ്ടിയുള്ള തമാശകള്‍ മാത്രമായി അതിനെ കാണുക. ഇതൊരു അപേക്ഷയാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് എല്ലാം ചെയ്യുന്നത്’- എന്നാണ് ബിനു അടിമാലി പറഞ്ഞത്.
READ ALSO: എന്നെ തല്ലാന്‍ കഴിവുള്ള ഒരാള്‍ ജനിക്കണം: ആൾക്കൂട്ടം മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി ബിഗ് ബോസ് താരം
അതേ വേദിയിലുണ്ടായിരുന്ന മഞ്ജു പത്രോസ് ഇതിനെ തിരുത്തി രംഗത്തെത്തി. ചെറുപ്പം മുതല്‍ നിറത്തിന്റേയും വണ്ണത്തിന്റേയും പേരില്‍ പരിഹാസത്തിന് ഇരയായ ആളാണ് താൻ എന്നാണ് നടി പറഞ്ഞത്. ഇത്തരം തമാശകള്‍ തന്നെ ചിരിപ്പിക്കാറില്ലെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
‘ബിനു ചേട്ടൻ പറഞ്ഞു ഇതൊരു തമാശയാണ് ഒരുപാട് കലാകാരന്മാര് ജീവിക്കാൻ ബുദ്ധിമുട്ടുകയാണെന്ന്, എന്നാല്‍ അതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ് ഞാൻ. എനിക്ക് ഓര്‍മവച്ച നാള്‍മുതല്‍ എന്റെ നിറത്തെയും വണ്ണത്തെയും ഒരുപാട് കളിയാക്കിയിട്ടുണ്ട്. ചുറ്റുമുള്ളവര്‍ ചിരിക്കുന്ന ഒരുപാട് തമാശ പറഞ്ഞപ്പോള്‍ എനിക്ക് അന്ന് അതൊന്നും ആസ്വദിക്കാൻ സാധിച്ചിട്ടില്ല. ഈ തമാശകള്‍ എനിക്കെന്തോ കുറവുണ്ടെന്ന് കുട്ടിക്കാലം മുതല്‍ കുത്തിവെക്കുകയായിരുന്നു. ഇങ്ങനെ കുത്തിവെക്കുന്നത് എനിക്ക് മാത്രമല്ല ബിനു ചേട്ടനുമുണ്ടായി കാണും. ഞാൻ ഈ തമാശകള്‍ കേട്ട് വേദിനിച്ചിട്ടുണ്ടെങ്കില്‍ എന്നെ പോലെയുള്ള ഒരു സമൂഹം ഇവിടെയുണ്ട്. എത്രപേര്‍ എനിക്കത് കുഴപ്പമില്ലെന്ന് പറയുമ്പോഴും വേദനിക്കാറുണ്ട്. പല്ല് പൊങ്ങിയ ഒരാളെ കുറിച്ചുള്ള തമാശയില്‍ അവന്റെ ഫോട്ടോ ഫ്രെയിം ചെയ്യാൻ പറ്റില്ല ചില്ല് പൊട്ടി പോകുമെന്ന് പറയുമ്പോള്‍ കേള്ക്കുന്നയാള് ഒരുപക്ഷേ ചിരിച്ച് പോകും, പക്ഷെ യഥാര്‍ഥത്തില്‍ അയാള്‍ ചിരിക്കുകയാണോ എന്നെനിക്കറിയില്ല.’
‘എന്റെ മകൻ കറുത്തിട്ടാണ്. ഇപ്പോഴും എന്റെ പേടി ഞാൻ നേരിട്ടത് പോലെയെല്ലാം അവൻ നേരിടേണ്ടി വരുമോ എന്നാണ്. ഇത്രയും അപകടം പിടിച്ച സമൂഹത്തിലേക്കാണോ അവൻ പോകുന്നതെന്ന ആവലാതി എനിക്കുണ്ട്. ഇനിയുള്ള തലമുറ നിറത്തിന്റെയും ശരീരത്തിന്റെയും പേരില്‍ തമാശകള്‍ പറയാതിരിക്കാനാകട്ടെയെന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെയുള്ള തമാശകള്‍ പറയാതിരിക്കുന്നതാണ് അവരോടെ കാണിക്കുന്ന മാന്യത. ഞാൻ ഇത്തരത്തിലുള്ള തമാശകളുടെ രക്തിസാക്ഷിയും കൂടിയാണ്. അതുകൊണ്ടാണിത് പറയുന്നത്. എനിക്ക് അത്തരത്തിലുള്ള തമാശകളില്‍ ഒരിക്കലും ചിരിക്കാനാകില്ല’. മഞ്ജു കൂട്ടിച്ചേര്‍ത്തു.