ധീരമായ നിലപാടില്‍ ഉറച്ചുനിന്ന് മാനവികമൂല്യങ്ങള്‍ക്കായി പോരാടി: അരുന്ധതി റോയിക്ക് പി ഗോവിന്ദപ്പിള്ള സംസ്കൃതി പുരസ്കാരം
തിരുവനന്തപുരം: മൂന്നാമത് പി.ജി സംസ്കൃതി പുരസ്കാരം ഇടത് എഴുത്തുകാരി അരുന്ധതി റോയിക്ക്. മാര്‍ക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ സ്മരണാര്‍ഥം നല്കുന്ന അവാർഡ് ആണിത്. എം.എ ബേബി ചെയര്‍മാനും കെ.ആര് മീര, ഷബ്നം ഹശ്മി എന്നിവരുമാണ് ജൂറി അംഗങ്ങൾ.
മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും രണ്ടാമത് പി.ജി സംസ്കൃതി പുരസ്കാര ജേതാവുമായ എന്‍ റാം ഡിസംബര്‍ 13-ന് വൈകിട്ട് മൂന്നുമണിക്ക് അയ്യങ്കാളി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ അരുന്ധതി റോയിക്ക് പുരസ്കാരം സമ്മാനിക്കും.
ധീരമായ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് മാനവികമൂല്യങ്ങള്‍ക്കായി നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന അരുന്ധതി റോയി എന്തുകൊണ്ടും പി.ജി പുരസ്കാരത്തിന് യോഗ്യയാണെന്ന് ജൂറി വിലയിരുത്തി.