ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് രണ്ടു പേർ വെന്തുമരിച്ചു. ഡൽഹി – ഗുരുഗ്രാം എക്സ്പ്രസ് വേയിലാണ് സംഭവം. 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡബിൾ ഡക്കർ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു അപകടം സംഭവിച്ചത്.
മായ എന്ന 25 വയസുകാരിയും മകൾ ദീപാലിയുമാണ് (6) മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ ഗുരുഗ്രാമിലെ സെക്ടർ 10ലുള്ള സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരാസ്ഥയിലായിരുന്ന അഞ്ച് പേരെ മേദാന്ത മെഡിസിറ്റിയിൽ ചികിത്സ നൽകിയ ശേഷം ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഡൽഹിയെയും ജയ്പൂരിനെയും ബന്ധിപ്പിക്കുന്ന പ്രധാന എക്സ്പ്രസ് വേയിൽ ഝർസ ഫ്ലൈ ഓവറിന് സമീപമായിരുന്നു അപകടം ഉണ്ടായത്. മൂന്ന് ഫയർ എഞ്ചിനുകൾ സംഭവ സ്ഥലത്തെത്തിയാണ് തീ അണച്ചത്.