സിഡ്‌നി: ബീഫ് കൊണ്ടുള്ള വിഭവം കഴിച്ചതിനു ശേഷം വിഷബാധയേറ്റ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ 49കാരി അറസ്റ്റിലായി. മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും ബന്ധുവുമാണ് വിഷബാധ മൂലം മരിച്ചത്. കൂടത്തായി മോഡല്‍ കൊലയാണ് അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് എറിന്‍ പാറ്റേഴ്‌സണ്‍ എന്ന വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലാണ് സംഭവം. ജൂലൈ അവസാനമാണ് മൂന്ന് പേര്‍ വിഷബാധ മൂലം മരിച്ചത്. ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിച്ച മൂന്ന് പേരെ അവശനിലയിലാണ് മെല്‍ബണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും ഇവരുടെ സഹോദരിയുമാണ് വിഷബാധയേറ്റ് മരിച്ചത്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് 49കാരി പിടിയിലായത്. എറിന്റെ വീട്ടില്‍ വച്ച് ബീഫ് കൊണ്ടുള്ള ഒരു വിഭവം കഴിച്ചതിന് ശേഷമാണ് മരിച്ച മൂന്ന് പേര്‍ക്കും മറ്റൊരാള്‍ക്കും ആരോഗ്യ പ്രശ്‌നമുണ്ടായത്. ഇവര്‍ക്കൊപ്പം ആഹാരം കഴിച്ച 49കാരിക്കും ഇവരുടെ മക്കള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ ഒന്നും ഉണ്ടായിരുന്നുമില്ല. ബീഫ് വിഭവത്തില്‍ ഉപയോഗിച്ച ചേരുവകളില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് പൊലീസിന് സംശയമുണ്ടായതിനെ തുടര്‍ന്ന് നടന്ന അന്വേഷണമാണ് ഓസ്‌ട്രേലിയയിലെ കൂടത്തായി മോഡല്‍ കൊലപാതകം പുറത്ത് കൊണ്ടുവന്നത്. എറിന്‍ പാറ്റേഴ്‌സണിനെ തെക്കന്‍ വിക്ടോറിയയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ബീഫ് വെല്ലിംഗ്ടണ്‍ എന്ന വിഭവമായിരുന്നു വിരുന്നിലെ വില്ലനായത്. ഇതില്‍ 49കാരി ഉപയോഗിച്ച കൂണാണ് അപകടകാരിയായതെന്നാണ് സൂചന.