പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്ന് സംയുക്തമായി മൂന്ന് വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. വീഡിയോ കോൺഫറൻസ് വഴി ഇന്നലെയാണ് മൂന്ന് പദ്ധതികളും ഉദ്ഘാടനം ചെയ്തത്. ത്രിപുരയിലെ നിശ്ചിന്താപൂരിനെയും ബംഗ്ലാദേശിലെ ഗംഗാസാഗറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റെയില്‍പാത ഈ വികസന പദ്ധതികളിൽ ഉൾപ്പെടുന്നു. കൂടാതെ 65 കിലോമീറ്റർ ദൈർഘ്യമുള്ള ഖുൽന- മോംഗ്ല തുറമുഖ റെയിൽ പാതയും ബംഗ്ലാദേശിലെ രാംപാലിലെ മൈത്രീ സൂപ്പർ തെർമൽ പവർ പ്ലാന്റിന്റെ രണ്ടാം യൂണിറ്റുമാണ് ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്ത മറ്റ് രണ്ട് പദ്ധതികൾ.
അതേസമയം 15 കിലോമീറ്റർ ദൈർഘ്യമുള്ള അഗർത്തല-അഖൗറ ക്രോസ് ബോർഡർ റെയിൽ ലിങ്ക് അതിർത്തി കടന്നുള്ള വാണിജ്യ വികസനത്തിന് സഹായകമാവുകയും അഗർത്തലയ്ക്കും കൊൽക്കത്തയ്ക്കും ഇടയിൽ ധാക്ക വഴിയുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ-ബംഗ്ലാദേശ് സഹകരണത്തിന്റെ വിജയം ആഘോഷിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ വീണ്ടും ഒന്നിക്കുന്നു എന്നത് വളരെ സന്തോഷകരമായ കാര്യമാണെന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദശാബ്ദങ്ങളായി നടക്കാതിരുന്ന പ്രവർത്തനങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിൽ ഈ ഒൻപത് വർഷത്തിനിടെ പൂർത്തിയാക്കിയതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.