കാനഡയിലെ പുതിയ കുടിയേറ്റക്കാർ വളരെ വേഗം രാജ്യം വിടുന്നതായി പുതിയ പഠനം. സമീപ വർഷങ്ങളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗവേഷണ റിപ്പോർട്ട്. കാനഡയിലേക്ക് കുടിയേറുന്നവർ വിവിധ ലക്ഷ്യങ്ങളുമായി എത്തുന്നവരാണ്. മികച്ച ജോലി, ഉയർന്ന വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയൊക്കെയാണ് പ്രധാന ആകർഷണം.
എന്നാൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കനേഡിയൻ സിറ്റിസൺഷിപ്പും കോൺഫറൻസ് ബോർഡ് ഓഫ് കാനഡയും ചേർന്ന് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ചൊവ്വാഴ്ചയാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്. രാജ്യം വിടുന്ന കുടിയേറ്റക്കാരുടെ നിരക്ക് 1980 മുതൽ ക്രമാനുഗതമായി വർധിച്ചുവരുന്നതായി പഠനത്തിൽ പറയുന്നു. പുതിയതായി വരുന്നവർക്ക് കാനഡയുടെ യഥാർത്ഥ പ്രയോജനങ്ങൾ ലഭിക്കാത്തതാകാം കുടിയേറ്റക്കാർ രാജ്യം വിടുന്നതിന്റെ കാരണമായി പഠനത്തിൽ പറയുന്നത്.
കുടിയേറ്റക്കാർ കാനഡയിലെയ്ക്കെത്തുമ്പോൾ അവർ പ്രതീക്ഷിച്ചതുപോലെ നിൽക്കാൻ രാജ്യത്ത് സാധിക്കാത്തതാണ് പ്രധാന കാരണം. താങ്ങാനാകാത്ത വാടക, വീട്ടുചിലവ്, ആരോഗ്യ പരിരക്ഷാ സംവിധാനം, തൊഴിലില്ലായ്മ തുടങ്ങിയവയാണ് കുടിയേറ്റക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളെന്ന് പഠനം പറയുന്നു. പുതിയ ആളുകളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ കാനഡ പരാജയപ്പെടുന്നതിന്റെ അപകടസാധ്യതകളും പഠനത്തിൽ അടിവരയിടുന്നു. ജനസംഖ്യാ വർധനവിൽ പുതിയ റെക്കോർഡുകൾ സ്ഥാപിക്കുന്നുണ്ടെങ്കിൽ പോലും രാജ്യത്തെ കുടിയേറ്റക്കാർക്കിടയിലെ നിരാശ വളർച്ച മന്ദഗതിയിലാക്കുമെന്ന് പഠനത്തിൽ പറയുന്നു.
“കുടിയേറ്റക്കാർ രാജ്യത്തു നിന്ന് മടങ്ങുന്നത് കാനഡയുടെ വളർച്ചയ്ക്ക് പ്രധാന ഭീഷണിയാണ്. നമ്മൾ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്, പ്രശ്ന പരിഹാരം നടത്തിയില്ലെങ്കിൽ ആളുകൾ മടങ്ങി പോകും. അവർ പോയാൽ നമ്മൾ കുഴപ്പത്തിലാകും”.ഇമിഗ്രേഷൻ അനുകൂല അഭിഭാഷക ഗ്രൂപ്പായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കനേഡിയൻ സിറ്റിസൺഷിപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡാനിയൽ ബെർണാർഡ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
‘ഇസ്രായേലിലേക്കും ഗാസയിലേക്കും സൈന്യത്തെ അയയ്ക്കാന് ഉദ്ദേശിക്കുന്നില്ല’: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്
പ്രായമായ ജനസംഖ്യ കൂടുതലായതു കൊണ്ട് തന്നെ രാജ്യത്തെ സാമ്പത്തിക തകർച്ച തടയാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഗവൺമെന്റ് ഇമിഗ്രേഷൻ ഉപയോഗിച്ച് കൂടുതൽ തൊഴിലാളികളെ ദ്രുതഗതിയിൽ രാജ്യത്തേയ്ക്ക് ചേർക്കുകയാണ്. എന്നാൽ സമീപ വർഷങ്ങളിലെ കുടിയേറ്റ വർധനവ് രാജ്യത്തെ റെക്കോർഡ് ജനസംഖ്യാ വളർച്ചയ്ക്കും ഭവനക്ഷാമം രൂക്ഷമാകുന്നതിനും അടിസ്ഥാന സൗകര്യങ്ങളിലും ആരോഗ്യ സംവിധാനങ്ങളിലും സമ്മർദ്ദം ചെലുത്തുന്നതായും വിമർശനം ഉയരുന്നുണ്ട്.
2017-ലും 2019-ലും കാനഡ വിടുന്ന കുടിയേറ്റക്കാരുടെ വാർഷിക നിരക്ക് യഥാക്രമം 1.1%, 1.18% എന്നിങ്ങനെയാണ്. ഇത് 20 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കാനഡയിൽ തുടരാനുള്ള താല്പര്യമില്ലായ്മ മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റത്തിലേക്ക് നയിച്ചതായും, കനേഡിയൻ സിറ്റിസൻഷിപ്പ് തിരഞ്ഞെടുക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതായും ബെർണാർഡ് അഭിപ്രായപ്പെട്ടു. 2001-നും 2021-നും ഇടയിൽ 10 വർഷത്തിനുള്ളിൽ പൗരത്വം സ്വീകരിച്ച പിആർ ഹോൾഡർമാരുടെ അനുപാതം 40 ശതമാനമായി കുറയുകയും ചെയ്തു.