EBM News Malayalam
Leading Newsportal in Malayalam

മദ്യപന്മാര്‍ക്ക് ഏറെ പ്രിയങ്കരമായ ‘ജോണി വാക്കര്‍’ ഇനി ഇന്ത്യയിലില്ല, 200 വര്‍ഷം പഴക്കമുള്ള യൂണിറ്റ് അടച്ചുപൂട്ടി കമ്പനി


ലക്‌നൗ: ലോകത്തെ ഏറ്റവും ജനപ്രിയ മദ്യ കമ്പനിയുടെ ഇരുന്നൂറ് വര്‍ഷം പഴക്കമുള്ള ഇന്ത്യയിലെ യൂണിറ്റ് അടച്ചുപൂട്ടി. ബ്രിട്ടീഷ് മദ്യ കമ്പനിയായ ഡിയാജിയോയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ ഉത്തര്‍പ്രദേശിലെ നിര്‍മ്മാണ യൂണിറ്റാണ് അടച്ചുപൂട്ടിയത്. 200 വര്‍ഷത്തിലേറെ പഴക്കമുള്ള തങ്ങളുടെ നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടിയതായി കമ്പനി തന്നെയായിരുന്നു വ്യക്തമാക്കി രംഗത്തെത്തിയത്. 2023 ഒക്ടോബര്‍ 31 ചൊവ്വാഴ്ചയായിരുന്നു ഈ പ്ലാന്റിന്റെ അവസാന ദിനം. 2023 സാമ്പത്തിക വര്‍ഷത്തില്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും അതിനുശേഷം ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും കമ്പനി അറിയിച്ചു.

അതേസമയം, ഡിയാജിയോ കമ്പനിയുടെ മദ്യ ബ്രാന്‍ഡുകള്‍ക്ക് വലിയ ഡിമാന്റാണ് രാജ്യത്തുള്ളത്. ഇന്ത്യയിലെ ജനപ്രിയ ബ്രാന്‍ഡുകള്‍ കൂടിയാണ് ഇവ. മക്ഡൗവല്‍, റോയല്‍ ചലഞ്ച്, സിഗ്‌നേച്ചര്‍, ജോണി വാക്കര്‍, ബ്ലാക്ക് ഡോഗ് തുടങ്ങിയവ രാജ്യത്ത് ഏറെ വിറ്റഴിക്കപ്പെടുന്ന മദ്യ ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്നത് ഈ കമ്പനിയാണ്. ഉത്തര്‍പ്രദേശിലെ സപ്ലൈ ചെയിന്‍ അജിലിറ്റി പ്രോഗ്രാമിന് കീഴിലുള്ള നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചതായി കമ്പനി ബോര്‍ഡും വ്യക്തമാക്കിയിട്ടുണ്ട്.