ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേൾഡ് പ്ലാസ പ്രവർത്തനമാരംഭിച്ചു. ശതകോടീശ്വരൻ മുകേഷ് അംബാനിയാണ് ആഡംബര മാൾ പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്. 7.50 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ജിയോ വേൾഡ് പ്ലാസ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് സ്ഥിതി ചെയ്യുന്നത്. ജിയോ വേൾഡ് പ്ലാസയിലൂടെ ഏറ്റവും മികച്ച ആഗോള ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കുന്നതാണ്. പ്രധാനമായും നാല് തലങ്ങളിലാണ് ഈ ആഡംബര മാൾ വ്യാപിച്ചുകിടക്കുന്നത്.
ഏകദേശം 66 ഓളം ആഡംബര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ മാളിൽ നിന്നും വാങ്ങാനാകും. ആഗോള ബ്രാൻഡുകൾക്ക് പുറമേ, മുൻനിര ഇന്ത്യൻ ബ്രാൻഡുകളുടെ പ്രത്യേക ശ്രേണിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കാർട്ടിയർ, ബൾഗാരി, ഡിയോർ, ഗുച്ചി, ഐഡബ്ല്യുസി ഷാഫ്‌ഹൗസൻ തുടങ്ങിയ ആഗോള ബ്രാൻഡുകളാണ് ജിയോ വേൾഡ് പ്ലാസയിലൂടെ ഇന്ത്യൻ വിപണിയിൽ വരവ് അറിയിച്ചിരിക്കുന്നത്. മാളിന്റെ മൂന്നാം നിലയിൽ മൾട്ടിപ്ലക്സ് തിയറ്റർ, ഗൗർമെറ്റ് ഫുഡ് എംപോറിയം തുടങ്ങിയ വിനോദ ഏരിയകളും സജ്ജീകരിച്ചിട്ടുണ്ട്.