EBM News Malayalam
Leading Newsportal in Malayalam

രാജസ്ഥാനിൽ നിന്ന് മയക്കുമരുന്ന് പൊതികളുമായി എത്തി: മലയാളി യുവാക്കൾ അറസ്റ്റിൽ


തിരുവനന്തപുരം: രാജസ്ഥാനിൽ നിന്ന് മയക്കുമരുന്ന് പൊതികളുമായി എത്തിയ മലയാളി യുവാക്കളെ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് കണ്ണൂരിൽ വച്ച് അറസ്റ്റ് ചെയ്തു. മരുസാഗർ എക്‌സ്പ്രസ് യാത്രക്കാരായ കോഴിക്കോട് ജില്ലക്കാരായ ഫഹദ് പൊതിയോട്ടിൽ, സനൂപ് സി എന്നിവരാണ് എക്‌സൈസും റെയിൽവേ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്. 60 പൊതികളിലാക്കി 5.82 ഗ്രാം ബ്രൗൺഷുഗർ ഇവരുടെ കൈവശം ഉണ്ടായിരുന്നു.

രാജസ്ഥാനിലെ അജ്മീറിൽ നിന്ന് ബ്രൗൺഷുഗർ വാങ്ങി കേരളത്തിൽ കൊണ്ടുവന്നു വിൽപ്പന നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും. വളരെ തന്ത്രപരമായി കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ഇവരെ എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കണ്ടെത്തി അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. ഇതിൽ ഫഹദ് എന്ന യുവാവ് മുൻപ് പോക്‌സോ കേസിൽ പ്രതിയായിരുന്നയാളാണ്. സനൂപും വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

കണ്ണൂർ എക്‌സൈസ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ്, കണ്ണൂർ എക്‌സൈസ് റേഞ്ച് എന്നീ യൂണിറ്റുകളിലെ അംഗങ്ങൾ പരിശോധനയിൽ പങ്കെടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ ജനാർദ്ദനൻ പി പി, എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്ത്, പ്രിവന്റീവ് ഓഫീസർ ഷിബു കെ സി, പുരുഷോത്തമൻ, പങ്കജാക്ഷൻ സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സജിത്ത്, സുജിത്ത്, ശരത്ത്, ഷാൻ ടി കെ, അനീഷ്, ഗണേഷ് ബാബു, റിഷാദ് സി എച്ച്, സൈബർ സെൽ അംഗങ്ങളായ സനലേഷ്. ടി, സുഹീഷ് കെ, റെയിൽവേ പോലീസ് ഓഫീസർ ശശിധരൻ, ഡ്രൈവർമാരായ അജിത്ത്, സോൾദേവ് എന്നിവർ ഉണ്ടായിരുന്നു.