EBM News Malayalam
Leading Newsportal in Malayalam

ഹോട്ടലിൽ റൂമെടുത്തത് 12.30 നു, 3 മണിക്ക് മരണപ്പെട്ടു!! കോണ്‍ഗ്രസ് നേതാവ് കൊച്ചിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍


കൊച്ചി: കോണ്‍ഗ്രസ് നേതാവ് ഹോട്ടലില്‍ മരിച്ച നിലയില്‍. അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടൻ പി ടി പോളിനെ (61) ആണ് ആലുവയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്.

ആലുവയിലെ ഹോട്ടലിൽ ഉച്ചയ്ക്ക് 12.30നാണ് പോള്‍ മുറിയെടുത്തത്. തന്നെ കാണാൻ ഒരാള്‍ വരുമെന്നും അകത്തേക്കു വിടണമെന്നും റിസപ്ഷനില്‍ പറഞ്ഞേല്‍പിച്ചാണു പോള്‍ മുറിയിലേക്കു പോയത്. മുറിയുടെ വാതില്‍ അകത്തുനിന്നു പൂട്ടിയിരുന്നില്ല. 3.15ന് അദ്ദേഹത്തെ കാണാൻ അങ്കമാലിയില്‍ നിന്ന് ഒരാള്‍ എത്തി. ഇയാൾ കാണുന്നത് മുറിയില്‍ ചലനമറ്റ് കിടക്കുന്ന പോളിനെയാണ്. തുടര്‍ന്ന് സ്വന്തം വാഹനത്തില്‍ കാരോത്തുകുഴി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

READ ALSO: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്വർണം: പുരുഷ വിഭാഗം ഹോക്കി ടീമിലെ താരങ്ങളെ അഭിനന്ദിച്ച് യോഗി ആദിത്യനാഥ്

മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ബാഗും മൊബൈല്‍ ഫോണും കണ്ടെടുത്തു. അങ്കമാലിയില്‍നിന്നു ഡ്രൈവര്‍ക്കൊപ്പം സ്വന്തം കാറില്‍ ആലുവയില്‍ എത്തിയ പോള്‍ തനിക്കു പോകാൻ മറ്റൊരു വാഹനം വരുമെന്നു പറഞ്ഞു എംജി ടൗണ്‍ ഹാളിനു സമീപം ഇറങ്ങിയിട്ട് കാര്‍ പറഞ്ഞുവിട്ടുവെന്നും പൊലീസ് പറഞ്ഞു. ടൗണ്‍ ഹാളിനു തൊട്ടടുത്തുള്ള ഹോട്ടലിലാണു മുറിയെടുത്തത്.

മരണവിവരം അറിഞ്ഞ് എംഎല്‍എമാരായ അൻവര്‍ സാദത്ത്, റോജി എം. ജോണ്‍ എന്നിവരടക്കം ഒട്ടേറെപ്പേര്‍ ആശുപത്രിയില്‍ എത്തി.