സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ബൈജൂസ്! പിരിച്ചുവിട്ട ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യാൻ വൈകിയേക്കും
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ വീണ്ടും വലഞ്ഞ് പ്രമുഖ സ്റ്റാർട്ടപ്പ് കമ്പനിയായ ബൈജൂസ്. കമ്പനിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ലെന്നാണ് ആരോപണം. മുൻ ജീവനക്കാരുടെ ശമ്പള കുടിശ്ശിക സമയബന്ധിതമായി നൽകുന്നതിൽ വീഴ്ച വന്നതോടെ ബൈജൂസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ, കുടിശ്ശിക നൽകുന്ന കാലാവധി നവംബറിലേക്ക് നീട്ടിയിരിക്കുകയാണ് ബൈജൂസ്.
സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്ന് ബൈജൂസ് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ വർഷം ജൂണിൽ മാത്രം ആയിരത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇത്തരത്തിൽ പിരിച്ചുവിട്ട ജീവനക്കാർക്കുള്ള ശമ്പള കുടിശ്ശിക മുഴുവനായും സെപ്റ്റംബറിൽ വിതരണം ചെയ്യുമെന്ന് ബൈജൂസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ കുടിശ്ശിക ഇതുവരെ തീർപ്പാക്കാൻ ബൈജൂസിന് സാധിച്ചിട്ടില്ല. നിലവിൽ, കമ്പനികൾ വിറ്റ് കടബാധ്യത തീർക്കാനുള്ള ശ്രമങ്ങൾ ബൈജൂസ് നടത്തുന്നുണ്ട്. എപിക്, ഗ്രേറ്റ് ലേർണിംഗ് എന്നീ കമ്പനികളെ വിറ്റഴിക്കാനാണ് ബൈജൂസിന്റെ തീരുമാനം.
ഏതാനും ദിവസങ്ങൾക്ക് മുൻപ് 1.2 ബില്യൺ ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കാമെന്ന് ബൈജൂസ് വ്യക്തമാക്കിയിരുന്നു. ഇതിനായി ആറ് മാസത്തെ കാലാവധിയാണ് ബൈജൂസ് ആവശ്യപ്പെട്ടത്. 30 കോടി ഡോളർ ആദ്യത്തെ 3 മാസത്തിനുള്ളിലും, ബാക്കിയുള്ള തുക പിന്നീടുള്ള 3 മാസത്തിനുള്ളിലും തിരിച്ചടയ്ക്കാമെന്നാണ് ബൈജൂസ് നൽകിയ വാഗ്ദാനം.