രാജ്യത്ത് ഉജ്ജ്വല സ്കീമിന് കീഴിൽ പുതിയ എൽപിജി കണക്ഷനുകൾ നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. റിപ്പോർട്ടുകൾ പ്രകാരം, 75 ലക്ഷം പുതിയ കണക്ഷനുകൾ നൽകാനാണ് അനുമതി. ഇതിനായി 1,650 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പുതിയ കണക്ഷനുകൾ കൂടി ഉറപ്പുവരുത്തുന്നതോടെ, ഉജ്ജ്വല യോജന പദ്ധതിയിലെ ആകെ ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയായി ഉയരുന്നതാണ്. 2023-24 സാമ്പത്തിക വർഷം മുതൽ 2025-26 സാമ്പത്തിക വർഷം വരെയുള്ള മൂന്ന് വർഷക്കാലയളവിലാണ് എൽപിജി കണക്ഷനുകൾ നൽകുക.
ഉജ്ജ്വല സ്കീം ഗുണഭോക്താക്കൾക്ക്, ഒരു എൽപിജി സിലിണ്ടറിന് 400 രൂപയാണ് സബ്സിഡി ലഭിക്കുക. സ്കീം അനുസരിച്ച്, ഉജ്ജ്വല ഗുണഭോക്താക്കൾക്ക് ആദ്യത്തെ റീഫിൽ സിലിണ്ടർ, സ്റ്റൗ എന്നിവ സൗജന്യമായാണ് നൽകുക. പരമ്പരാഗത പാചക ഇന്ധനങ്ങളുടെ ഉപയോഗം ഗ്രാമീണ സ്ത്രീകളുടെ ആരോഗ്യത്തെയും, പരിസ്ഥിതിയെയും ദോഷകരമായി ബാധിച്ചതിനാൽ എൽപിജി പോലെയുള്ള ശുദ്ധമായ പാചക ഇന്ധനം ഗ്രാമീണർക്കും, ദരിദ്രരേഖയ്ക്ക് താഴെ ഉള്ളവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉജ്ജ്വല യോജന പദ്ധതി ആവിഷ്കരിച്ചത്. 2016 മെയ് 1-നാണ് കേന്ദ്രസർക്കാർ പദ്ധതിക്ക് തുടക്കമിട്ടത്.