കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിൽ ഓണക്കിറ്റ് വിതരണം നിർത്തിവെയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ആണ് പുതിയ തീരുമാനം. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളാണ് ഇതു സംബസിച്ച് കോട്ടയം ജില്ല തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നല്‍കിയത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം വരും വരെ കിറ്റ് വിതരണം നിര്‍ത്തിവെക്കാനാണ് തീരുമാനം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്നാവശ്യപ്പെട്ട് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തയച്ചിരുന്നു. തിരുവനന്തപുരം ഉള്‍പ്പെടെ പല ജില്ലയിലെ മിക്കയിടങ്ങളിലും ഓണക്കിറ്റ് എത്താതിരിക്കുന്ന സാഹചര്യമാണുള്ളത്. ആളുകൾ കിറ്റ് വാങ്ങാനെത്തി കിട്ടാതെ മടങ്ങി പോകുന്ന അവസ്ഥയാണുള്ളത്.
അതേസമയം, കിറ്റ് വിതരണം ഇന്ന് തന്നെ തുടങ്ങുമെന്ന് സപ്ലൈക്കോ അറിയിച്ചിരുന്നു. നിലവിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് കിറ്റ് വിതരണം തുടങ്ങിയത്. ഇന്നും നാളെയും തിങ്കളാഴ്ചയുമായി കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് സപ്ലൈക്കോ അധികൃതര്‍ വ്യക്തമാക്കി.