പാനീയത്തിൽ മദ്യം കലർത്തി നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
തൃശൂർ: പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ പാനീയത്തിൽ മദ്യം കലർത്തി നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കുന്നംകുളം പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം പുതുപൊന്നാനി സ്വദേശി ഷംനാദാണ് അറസ്റ്റിലായത്.
സ്കൂളിൽ വിജയിച്ചതിന്റെ സന്തോഷം പങ്കിടാനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിളിച്ചു വരുത്തി നൽകിയ പാനീയത്തിൽ മദ്യം ചേർക്കുകയും തുടർന്ന് മദ്യലഹരിയിലായ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നീട് പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പെൺകുട്ടിയുടെ ബന്ധുക്കളാണ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.