EBM News Malayalam
Leading Newsportal in Malayalam

കശ്മീർ ഫയൽസിന് ദേശീയ പുരസ്കാരം; എം.കെ സ്റ്റാലിന് പിന്നാലെ പരിഹാസവുമായി ഒമർ അബ്‌ദുല്ല


ചെന്നൈ: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘കശ്മീര്‍ ഫയല്‍സിന്’ ദേശീയ ചലച്ചിത്ര പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് ജമ്മു & കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. അവാർഡ് പ്രഖ്യാപനം അദ്ദേഹത്തെ ചിരിപ്പിക്കുകയാണ്. ചിരിച്ചുകൊണ്ട് ഒരു ഇമോജി ഉപയോഗിച്ച് ‘ദേശീയ ഉദ്ഗ്രഥനം’ എന്നാണ് ഒമർ ട്വീറ്റ് ചെയ്തിരിക്കുന്നത്. 69-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചർ ചിത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ആണ് ചിത്രത്തിന് ലഭിച്ചത്.

ഈ അവാർഡ് പ്രഖ്യാപനത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും വിമർശിച്ചിരുന്നു. വിലകുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ദേശീയ അവാര്‍ഡുകളുടെ വില കളയരുതെന്നായിഉർന്നു സ്റ്റാലിന്റെ പ്രതികരണം. ‘ദ കശ്മീര്‍ ഫയല്‍സി’ന് ദേശീയ അവാര്‍ഡ് നല്‍കിയത് അത്ഭുതപ്പെടുത്തി എന്നും തരംതാണ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡിന്റെ വില കളയരുത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സിനിമാ സാഹിത്യ പുരസ്‌കാരങ്ങളില്‍ രാഷ്ട്രീയ ചായ്‌വ് ഇല്ലാത്തതാണ് നല്ലതെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. തെറ്റായ പ്രൊപ്പഗാണ്ടയാണ് സിനിമ പ്രചരിപ്പിക്കുന്നതെന്ന് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. താൻ സിനിമ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെയാണ് 69 മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് അല്ലു അര്‍ജുന്‍ (ചിത്രം ‘പുഷ്പ’) ആണ്. മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ചിത്രം ‘ഗംഗുഭായ് കത്തിയാവഡി’) കൃതി സനോണും (‘മിമി’). മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രന്‍സിന് ‘ഹോമി’ലൂടെ ലഭിച്ചു.