ഷിംല: ‘എവിടെയും പോകാനില്ലാത്ത, കരയാൻ തോളില്ലാത്ത ഈ ദുഃസ്വപ്‌നത്തിലൂടെ കടന്നുപോകുന്നതിലും ഭേദം മരണം തന്നെയായിരിക്കും’ – മണ്ണിടിച്ചിലിൽ ആകെയുണ്ടായിരുന്ന വീട് തകർന്ന പ്രമീളയുടെ വാക്കുകളാണിത്. പേമാരിയും മണ്ണിടിച്ചിലും ഇല്ലാതാക്കിയ തന്റെ തകർന്ന ഒറ്റമുറിയിൽ ഇരുന്ന് ഇനി ‘സ്വപ്ന ഭാവി’ എന്നൊന്നില്ലെന്ന് വിതുമ്പലോടെ പ്രമീള പറയുന്നു. ആകെയുണ്ടായിരുന്ന വീടും പുരയിടവും നഷ്ടപ്പെട്ടതിന്റെ ദുരിതത്തിലാണ് ഷിംലയിലെ ജനങ്ങൾ.
26 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് ഇതുവരെയുള്ള കണക്കുകള്‍. പോകാനൊരു സ്ഥലമില്ലാതെ, ചേര്‍ത്ത് പിടിക്കാനാളില്ലാതെ ഭാവിയെ കുറിച്ചുള്ള ആശങ്കയിലാണെല്ലാവരും. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരണമാണെന്നാണ് പ്രമീളയെന്ന ഷിംലക്കാരി പറയുന്നത്. ആകെയുണ്ടായിരുന്ന ഒറ്റമുറി വീടും പുരയിടവും മണ്ണിടിച്ചിൽ കൊണ്ടുപോയതിന്റെ ആഘാതത്തിലാണ് പ്രമീള. പേമാരിയും മണ്ണിടിച്ചിലുമായതിന് പിന്നാലെ ഇവരുടെ ജോലിയും നഷ്ടമായി.
‘അണ്ഡാശയ ക്യാൻസർ ബാധിച്ച് 2016 മുതൽ ചികിത്സയിൽ കഴിയുന്ന 75 വയസ്സുള്ള എന്റെ അമ്മയ്‌ക്കൊപ്പമാണ് ഞാൻ താമസിക്കുന്നത്. ഉപഭോക്താക്കൾ ഇല്ലാത്തതിനാൽ മാന്ദ്യത്തെ തുടർന്ന് റാമിലെ ഒരു കടയിലെ സെയിൽസ് ഗേളായി ജോലി ചെയ്യുന്ന എനിക്ക് ജോലിയും നഷ്ടപ്പെട്ടു. പോകാൻ ഇടമില്ലാത്തതിനാൽ ഞാൻ വ്യാഴാഴ്ച രാത്രി ഐജിഎംസിഎച്ചിൽ ഉറങ്ങി. സഹോദരങ്ങളോ പിതാവോ ഇല്ല. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞാണ് ഞാൻ കഴിയുന്നത്. ഞാൻ ഒരു ജോലിക്കായി തീവ്രമായി അന്വേഷിക്കുകയാണ്, എന്റെ അമ്മയുടെ ചികിത്സയ്ക്ക് എനിക്ക് പണം ആവശ്യമുള്ളതിനാൽ വൃത്തിയാക്കാനും തൂത്തുവാരാനും പോലും തയ്യാറാണ്. എന്റെ അമ്മ മാത്രമാണ് എനിക്കുള്ളത്’, പ്രമീള കണ്ണീരോടെ പറയുന്നു.
മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ ഒന്നും എടുക്കാൻ സാധിച്ചില്ലെന്നും ഉടുത്ത വസ്ത്രത്തോട് കൂടി ഇറങ്ങിയോടുകയായിരുന്നു തങ്ങൾ ചെയ്തതെന്നും പ്രദേശവാസിയായ സുമൻ പറയുന്നു. ഉരുൾപൊട്ടലിൽ തനിക്ക് എല്ലാം നഷ്ടപ്പെട്ടെന്നും മകന്റെ സ്‌കൂൾ ഫീസ് അടക്കാൻ പോലും പണമില്ലെന്നും സുമൻ പറയുന്നു. തങ്ങൾക്ക് പാർപ്പിടമോ വസ്ത്രമോ ഇല്ലെന്നും അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകന്റെ പുസ്തകങ്ങൾ പോലും മണ്ണിടിച്ചിലിൽ നശിച്ചുവെന്നും അവർ പറഞ്ഞു.