കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആള് ഇന്ത്യ ഇമാം-മുഅസിന്‍ സോഷ്യല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്റെ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തുന്നത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു പരിപാടിയിൽ മമത പങ്കെടുക്കുന്നത്. മസ്ജിദുകളില്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കുന്ന ഇമാമുമാരും മുസിന്മാരും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
” കഴിഞ്ഞ രണ്ട് വര്‍ഷമായി മമത ബാനര്‍ജിയെ സമ്മേളനത്തിന്റെ മുഖ്യാതിഥിയായി കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. സമാധാനം ഉറപ്പാക്കാനുള്ള വഴികളെപ്പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്യും. അവരുടെ പ്രഭാഷണം ഒരു വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നു,” സംഘടനയുടെ പ്രസിഡന്റായ മൗലാന ഷെഫീക് പറഞ്ഞു.
അതേസമയം 2012ല്‍ മമത ബാനര്‍ജി സര്‍ക്കാര്‍ ഇമാമുകള്‍ക്കും മുഅസിനുകള്ക്കും പ്രത്യേക ഗ്രാന്റ് പ്രഖ്യാപിച്ചിരുന്നു. ഈ നീക്കത്തെ എതിര്‍ത്ത് ബിജെപി നേതൃത്വം രംഗത്തെത്തുകയും ചെയ്തിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷ സമുദായത്തിന് വേണ്ടി പ്രത്യേകം പ്രഖ്യാപനങ്ങള്‍ മമത സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമോ എന്നാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ഉറ്റുനോക്കുന്നത്.
ന്യൂനപക്ഷ വോട്ടുകള്‍ വഴിത്തിരിവാകും
ഏകദേശം 30 ശതമാനം ന്യൂനപക്ഷ സമുദായക്കാരുള്ള സംസ്ഥാനമാണ് പശ്ചിമബംഗാള്‍. 2009 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന വോട്ട് ബാങ്ക് കൂടിയാണ് ഈ വിഭാഗം. ഇവരുടെ പിന്തുണ ശക്തമാണ്. എന്നിരുന്നാലും സാഗര്‍ദിഗി ഉപതെരഞ്ഞെടുപ്പ് പാര്‍ട്ടിയ്ക്ക് തിരിച്ചടിയായിരുന്നു. ഏകദേശം 40 ശതമാനം മുസ്ലീം വോട്ടര്‍മാരുള്ള നിയമസഭാ മണ്ഡലമാണിത്. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി പുതിയ ട്രെന്റ് സൃഷ്ടിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് എംഎല്‍എ ബൈറൂണ് ബിശ്വാസ് തൃണമൂലിലേക്ക് ചേക്കേറിയെങ്കിലും ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കാത്തത് തൃണമൂല്‍ നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിരുന്നു.
അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വിജയം കൈവരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിച്ചു. പിന്നീട് ന്യൂനപക്ഷ മേഖലകളായ ഭംഗര്‍, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഭംഗറില്‍ ന്യൂനപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് ശക്തമായ മത്സരമാണ് തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. 2021ല്‍ ഐഎസ്എഫ് അധ്യക്ഷനായ നൗഷാദ് സിദ്ദിഖി തൃണമൂല്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയ മണ്ഡലം കൂടിയാണിത്.
മൂര്‍ഷിദാബാദിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കോണ്‍ഗ്രസ് നേതാവായ അധീര്‍ രഞ്ജന്‍ ചൗധരിയ്ക്ക് ശക്തമായ ന്യൂനപക്ഷ പിന്തുണ ലഭിച്ചിരുന്നു.
അതേസമയം സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരേയൊരു പാര്‍ട്ടിയാണ് തൃണമൂല്‍ കോൺഗ്രസ് എന്നാണ് പാര്‍ട്ടി നേതാക്കളുടെ വാദം.
” എല്ലാമതങ്ങളുടെയും എല്ലാ മനുഷ്യരുടെയും ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒരേയൊരു നേതാവാണ് മമത ബാനര്‍ജി. അതില്‍ ഒരു രാഷ്ട്രീയവുമില്ല,” എന്നാണ് ഒരു മുതിര്‍ന്ന തൃണമൂല്‍ നേതാവ് ന്യൂസ് 18നോട് പ്രതികരിച്ചത്.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനായാണ് മമത രംഗത്തെത്തിയിരിക്കുന്നത് എന്ന് ബിജെപി നേതാവായ സമീക് ഭട്ടാചാര്യ പറഞ്ഞു.