തിരുവനന്തപുരം: സാക്ഷി പറയാനെത്തിയ ആളെ കോടതി വളപ്പിൽ വച്ച് പ്രതി കുത്തി. പേരൂർക്കട സ്വദേശിയെ വീട് ആക്രമിച്ച കേസിലെ പ്രതി വിമലാണ് കേസിലെ നാലാം സാക്ഷി സന്ദീപിനെ വഞ്ചിയൂർ കോടതി വളപ്പിൽവച്ച് കുത്തിയത്. 2014ൽ പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് വിമലും ജോസും.
ഇരുവരും ജാമ്യത്തിലായിരുന്നു. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (പതിനൊന്ന്) കേസ് പരിഗണിക്കുമ്പോൾ സാക്ഷി പറയാനെത്തിയ സന്ദീപിനെ കത്തി ഉപയോഗിച്ച് ശരീരത്തിന്റെ പുറകുവശത്ത് കുത്തുകയായിരുന്നു.
പൊലീസ് വിമലിനെ അറസ്റ്റു ചെയ്തു. സന്ദീപിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളത്തു നിന്നാണ് മഹസർ സാക്ഷിയായ സന്ദീപ് സാക്ഷിപറയാനെത്തിയത്.