EBM News Malayalam
Leading Newsportal in Malayalam

ശാരീരികബന്ധത്തിന് വിസമ്മതിച്ച ലിവ്-ഇൻ പങ്കാളിയെ യുവാവ് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചതായി പരാതി


ഗുരുഗ്രാം: ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിനിയായ യുവതിയെ ലിവ്-ഇൻ പങ്കാളി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചതായി പരാതി. പ്രതിയും ഇരയും മറ്റ് വിവാഹം കഴിച്ചവരും അവിഹിത ബന്ധത്തിൽ തുടരുന്നവരാണെന്നും പൊലീസ് പറയുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാജീവ് ചൗക്ക് പ്രദേശത്ത് നിന്ന് പ്രതി ശിവം കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും സദർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

പിടിഐ റിപ്പോർട്ട് അനുസരിച്ച്, വ്യാഴാഴ്ച താനുമായി ശാരീരിക ബന്ധത്തിന് ശിവം നിർബന്ധിച്ചതായി യുപി സ്വദേശിയായ 28 കാരി പരാതിയിൽ പറയുന്നു. എന്നാൽ ശാരീരിക ബന്ധത്തിന് തയ്യാറല്ലെന്ന് അറിയിച്ചതോടെ ശിവം കുമാർ കഴുത്തിൽ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നു.

യുപിയിലെ കനൗജ് സ്വദേശിയായ ശിവം കുമാറിനെ പരിചയപ്പെട്ട യുവതി, അയാൾക്കൊപ്പം ഹരിയാനയിലേക്ക് എത്തി ഗുരുഗ്രാമിൽ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. ഭർത്താവുമായി അകന്നുകഴിയുന്നതിനടെയാണ് യുവതി ശിവം കുമാറുമായി പരിചയത്തിലായത്. “ഞങ്ങളുടെ ലിവ്-ഇൻ ബന്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ശിവം താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. അടുത്തിടെയാണ് ശിവം വിവാഹിതനാണെന്ന് അറിഞ്ഞത്,” യുവതി പരാതിയിൽ പറയുന്നു.

“വ്യാഴാഴ്‌ച വൈകുന്നേരം ബൈക്കിൽ വന്ന അയാൾ വീണ്ടും ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ എന്നെ നിർബന്ധിച്ചു. എന്നാൽ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചത് ഞാൻ ചോദ്യം ചെയ്തു. ശാരീരികബന്ധത്തിന് ഞാൻ വിസമ്മതിച്ചപ്പോൾ അയാൾ സ്ക്രൂഡ്രൈവർ കൊണ്ട് എന്റെ കഴുത്തിൽ കുത്തിയശേഷം അവിടെനിന്ന് ഓടിപ്പോകുകയായിരുന്നു”- അവൾ പറഞ്ഞു. അയൽക്കാർ തന്നെ ആശുപത്രിയിലെത്തിച്ചതായി പരാതിക്കാരി കൂട്ടിച്ചേർത്തു.

യുവതിയുടെ പരാതിയെത്തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും നഹാർപൂർ പോലീസ് സബ് ഇൻസ്‌പെക്ടർ സന്ദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു.

പ്രതിയെ വെള്ളിയാഴ്ച രാജീവ് ചൗക്കിൽ നിന്ന് അറസ്റ്റ് ചെയ്തു, പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാളെ ശനിയാഴ്ച സിറ്റി കോടതിയിൽ ഹാജരാക്കുമെന്നും എസിപി (ക്രൈം) വരുൺ ദഹിയ പറഞ്ഞു.