കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: രണ്ട് ഫാമുകളിലെ പന്നികളെ കൊന്നൊടുക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്
കണ്ണൂർ: കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കണിച്ചാർ പഞ്ചായത്തിൽ, രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ജില്ലാ കലക്ടർ ഉത്തരവിറക്കി. രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
കണിച്ചാർ മലയമ്പാടി പിസി ജിൻസിന്റെ പന്നിഫാമിലാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസർ പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിലെയും 10 കിലോ മീറ്റർ ചുറ്റളവിലുള്ള മൈൽ ജയിംസ് ആലക്കാത്തടത്തിന്റെ ഫാമിലെയും മുഴുവൻ പന്നികളെ കൊന്നൊടുക്കി ജഡങ്ങൾ മാനദണ്ഡ പ്രകാരം സംസ്‌കരിക്കണമെന്നാണ് ജില്ലാ കലക്ടർ ഉത്തരവിട്ടത്.
‘ജെയ്ക്കിനെ നാലാംകിട നേതാവെന്ന് വിളിച്ചിട്ടില്ല, റിപ്പോർട്ട് ചെയ്ത ചാനലിന് പിഴവ് പറ്റിയത്’: വിശദീകരണവുമായി വിഡി സതീശൻ
ഈ പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും മൂന്നു മാസത്തേക്ക് നിരോധിച്ചു. ഇതോടൊപ്പം പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്.