അഞ്ജുവിന് പിന്നാലെ ദീപിക; ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകൻ ഇർഫാനൊപ്പം പോയി, ഇസ്‌ലാം മതം സ്വീകരിച്ചു
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് രാജസ്ഥാൻ സ്വദേശിനി കാമുകനൊപ്പം വിദേശത്തേക്ക് കടന്നെന്ന് പരാതി. രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിലെ ഭൈമായി സ്വദേശിനി ദീപികയ്ക്കെതിരെയാണ് ഭർത്താവ് പരാതി നൽകിയിരിക്കുന്നത്. 11 വയസുള്ള മകളെയും ഏഴു വയസുള്ള മകനെയും ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം വിദേശത്തേക്ക് കടന്നത്. ജൂലായ് 10-നാണ് ദീപികയെ വീട്ടിൽ നിന്ന് കാണാതായത്.
വീട്ടിൽ അറിയിക്കാതെ ഇസ്ലാംമത വിശ്വാസിയായ യുവാവിനൊപ്പം ദീപിക വിദേശത്തേക്ക് കടക്കുകയായിരുന്നു എന്നാണ് വിവരം. ഭാര്യയെ കാണാതായതിനു പിന്നാലെ ഭർത്താവ് ചിത്രി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ദീപികയുടെ ഭർത്താവ് മുംബൈയിലാണ് ജോലി ചെയ്യുന്നത്. ദീപിക കുട്ടികളുമായി നാട്ടിലായിരുന്നു. ഇടയ്ക്കിടെ ചികിത്സയ്ക്കായി ദീപിക ഗുജറാത്തിലേക്കും ഉദയ്പൂരിലേക്കും പോകാറുണ്ടായിരുന്നു. ഈ സമയം മക്കളോടൊപ്പം വീട്ടുജോലിക്കാർ ആയിരുന്നു ഉണ്ടായിരുന്നത്.
ഇക്കഴിഞ്ഞ ജൂലായ് 10 ന്, തനിക്ക് അസുഖമാണെന്ന് പറഞ്ഞ് ചികിത്സയ്ക്കായി ദീപിക ഗുജറാത്തിലേക്ക് പോകുകയായിരുന്നു. എന്നാൽ, ശേഷം ദീപിക വീട്ടിൽ തിരിച്ചെത്തിയില്ല. ജൂലൈ 13 വരെ ദീപിക വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് ഭർത്താവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിനിടെ ദീപിക വാട്സ്ആപ്പ് കോളിലൂടെ ഭർത്താവുമായി ബന്ധപ്പെട്ടിരുന്നു. ‘നിങ്ങൾക്ക് പണ്ടുതൊട്ടേ എന്നെ താൽപര്യമില്ലായിരുന്നു എന്നും അതുകൊണ്ട് ഞാൻ അകലുകയാണെന്നുമായിരുന്നു’ കോളിൽ വ്യക്തമാക്കിയത്. ഭാര്യയുടെ കോൾ വന്നശേഷം ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യ ഒളിച്ചോടിയ വിവരം ഇദ്ദേഹം മനസിലാക്കുന്നത്. വീട് പരിശോധിച്ചപ്പോൾ ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായും കണ്ടെത്തി.
ദീപിക പതിദാർ എന്ന യുവതി സുഹൃത്ത് ഇർഫാൻ ഹൈദറിനൊപ്പമാണ് ഒളിച്ചോടിയത്. ബുർഖ ധരിച്ച യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. ഇർഫാനും ദീപികയ്ക്കുമെതിരെ നടപടിയെടുക്കണമെന്ന് പതിദാർ സമാജും മറ്റ് ഹിന്ദു സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ കളക്ടർക്കും പോലീസ് സൂപ്രണ്ടിനും നിവേദനം നൽകിയിട്ടുണ്ട്. യുവതിയുടെ ഭർത്താവ് മുകേഷ് പതിദാറിന്റെ പരാതിയിൽ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ഹൈദർ തന്റെ ഭാര്യയെ ബ്രെയിൻ വാഷ് ചെയ്ത് കടത്തികൊണ്ടുപോയെന്നും അവിടെയെത്തിയ തന്റെ ഭാര്യ ഇസ്ലാം മതം സ്വീകരിച്ചുവെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഗുജറാത്തിലെ ഹിമ്മത്ത് നഗർ സ്വദേശിയാണ് ഹൈദറെന്ന് പോലീസ് പറഞ്ഞു. ഹൈദറിനെ കാണാൻ ഈ സ്ത്രീ പലപ്പോഴും ഗുജറാത്തിലെ സബർ കാന്തയിലെ ഖേദ് ബ്രഹ്മ സന്ദർശിച്ചിരുന്നു. ദീപിക ഇർഫാനെ കണ്ടുമുട്ടിയതെങ്ങനെയെന്നും, വിസ നേടിയത് എങ്ങനെയെന്നും അന്വേഷിക്കുകയാണ് പോലീസ്.