ദില്ലി: അയല്‍വാസിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി പബ്ജി പ്രണയ നായിക സീമ ഹൈദർ. ഓണ്‍ലൈന്‍ ഗെയിമിംഗിലൂടെ പരിചയപ്പെട്ട പങ്കാളി സച്ചിനെ പരിഹസിച്ച അയല്‍വാസിയായ യുവതിക്കെതിരെയാണ് മാനനഷ്ട കേസ് നല്കാന് സീമ ഒരുങ്ങുന്നത്. മിതിലേഷ് ഭാട്ടി എന്ന അയല്‍ക്കാരിയാണ് സച്ചിനെ ചീവീടിനോട് ഉപമിച്ച് പരിഹസിച്ചത്.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.സച്ചിനില്‍ പ്രത്യേകതകള്‍ ഒന്നുമില്ലെന്നും ചീവീട് പോലെയാണ് യുവാവെന്നും അയല്‍ക്കാരി പരിഹസിച്ചത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നാണ് കാമുകനെ തേടി സീമാ ഹൈദർ ഇന്ത്യയിലെത്തിയത്. 2019ൽ ഓൺലൈൻ ഗെയിം പബ്ജിയിലൂടെയാണ് ഇരുവരും അടുക്കുന്നതും പ്രണയത്തിലാകുന്നതും.
മെയ് 13 ന് നേപ്പാള്‍ വഴി ബസിൽ നാല് കുട്ടികളോടൊപ്പം അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന സച്ചിൻ മീണയുമായി താൻ പ്രണയത്തിലാണെന്നും അവനോടൊപ്പം താമസിക്കാനാണ് നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയതെന്നും നേരത്തെ രാഷ്ട്രപതിക്ക് നല്കിയ ഹർജിയിൽ സീമാ ഹൈദർ പറഞ്ഞിരുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള പശുപതിനാഥ് ക്ഷേത്രത്തിൽ വച്ച് താൻ ഹിന്ദുമതം സ്വീകരിച്ചതായും ഹിന്ദു ആചാരപ്രകാരം സച്ചിനെ വിവാഹം കഴിച്ചതായും സീമ അവകാശപ്പെട്ടിരുന്നു.