ബെംഗളൂരു: ലോകത്തിനാകെ പ്രകാശം പകരാനാണ് ഭാരതം സ്വതന്ത്രമായതെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ മോഹൻ ഭാഗവത്. ലോകത്തെ പ്രകാശിപ്പിക്കണമെങ്കിൽ ഭാരതം സമർത്ഥമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രത്തെ തകർക്കുന്ന ശക്തികൾ വിജയിക്കാതിരിക്കാൻ രാജ്യത്തെ ഒന്നിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അറിവ്, കർമ്മം, ഭക്തി, വിശുദ്ധി, സമൃദ്ധി എന്നിവയുടെ അടിസ്ഥാനത്തിൽ നാം ലോകത്തെ നയിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം ഒരു തുടർച്ചയായ പ്രക്രിയയാണെന്നും ത്രിവർണ്ണത്തിന്റെ സന്ദേശങ്ങളെ അടിസ്ഥാനമാക്കി രാഷ്ട്രം തനിമയിലൂന്നി മുന്നോട്ട് നയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാർത്ഥത ഇല്ലാതാക്കി എല്ലാവർക്കുമായി പരിശുദ്ധിയോടെ പ്രവർത്തിക്കണം. സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മൾ. പ്രകാശത്തിന്റെ നാട്. അതുകൊണ്ടാണ് ഈ നാടിന് ഭാരതമെന്ന് പേരുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.