സംസ്ഥാനത്ത് ഇത്തവണ പെയ്ത മഴയുടെ തോതിൽ വൻ കുറവ്. ഓഗസ്റ്റ് 1 മുതൽ 9 വരെയുള്ള കണക്കുകൾ അനുസരിച്ച്, മഴയുടെ അളവിൽ 88 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. സാധാരണയായി ഈ സമയത്ത് 120 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടത്. എന്നാൽ, ഈ മാസം ആദ്യ ആഴ്ച 14 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. അതേസമയം, ജൂൺ 1 മുതൽ ഓഗസ്റ്റ് 12 വരെ 42 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.
മഴയുടെ തോത് അനുസരിച്ച് ഇടുക്കിയിൽ 59 ശതമാനത്തിന്റെയും, വയനാട്ടിൽ 54 ശതമാനത്തിനും, കോഴിക്കോട് 52 ശതമാനത്തിന്റെയും കുറവുണ്ട്. മഴ ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ ജലസംഭരണികളിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിരിക്കുകയാണ്. മഴ വീണ്ടും ശക്തമായില്ലെങ്കിൽ ജലസംഭരണികൾ വറ്റാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇടുക്കി ഡാമിൽ സംഭരണശേഷിയുടെ 32 ശതമാനവും, ഇടമലയാറിൽ 42 ശതമാനവും മാത്രമാണ് വെള്ളം ഉള്ളത്.
പസഫിക് സമുദ്രത്തിൽ രൂപമെടുത്ത താപതരംഗമായ എൽനിനോ പ്രതിഭാസമാണ് മൺസൂൺ ദുർബലമാക്കിയതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത്തവണ കാലവർഷക്കാറ്റ് ശക്തി പ്രാപിക്കാത്തത് മഴയുടെ അളവ് കുറയാൻ കാരണമായിട്ടുണ്ട്. ഈ മാസം അവസാനമോ, സെപ്റ്റംബർ ആദ്യ വാരമോ സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായേക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രതീക്ഷ.