EBM News Malayalam
Leading Newsportal in Malayalam

കൊല്ലത്ത് റിട്ട. അധ്യാപകന്‍റെ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം: മൂന്നരപ്പവന്‍റെ ആഭരണം കവർന്നു


കരുനാഗപ്പള്ളി: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുണ്ടകപ്പാടത്ത് റിട്ടയേ‍ഡ് അധ്യാപകന്‍റെ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം. മാലയും കമ്മലും മോതിരവും ഉൾപ്പെടെ മൂന്നരപ്പവന്‍റെ ആഭരണം മോഷ്ടാക്കള്‍ കവര്‍ന്നു. കൊല്ലശ്ശേരിൽ സുരേഷിന്‍റെ വീട്ടിലായിരുന്നു മോഷണം. ഭാര്യ സെക്രട്ടേറിയറ്റ് ജീവനക്കാരിയായതിനാൽ കുടുംബത്തോടെ തിരുവനന്തപുരത്തായിരുന്നു താമസം.

കഴിഞ്ഞ ദിവസം വൈകീട്ട് സുരേഷും കുടുംബവും വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഇരുനില വീടിന്‍റെ പിൻവാഭഗത്തെ ജനൽ ചില്ല് തകര്‍ത്ത് ഗ്രിൽ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്.

സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.