ന്യൂഡൽഹി: ആൾക്കൂട്ട അക്രമികൾ മറുഭാഗത്തിന് വിധേയത്വത്തിന്റെ സന്ദേശം നൽകാൻ ലൈംഗികാതിക്രമത്തെ ഉപയോഗിക്കുന്നത് തടയണമെന്ന് സുപ്രീംകോടതി. മണിപ്പുർ വിഷയത്തിൽ വിരമിച്ച ജഡ്ജിമാരുടെ കമ്മിറ്റിയെ വെച്ചുകൊണ്ടുള്ള ഈ മാസം ഏഴിലെ ഉത്തരവിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരവിന്റെ പകർപ്പ് വ്യാഴാഴ്ചരാത്രിയാണ് പുറത്തുവിട്ടത്.
മണിപ്പുരിൽ സ്ത്രീകൾ ഗുരുതരമായ അതിക്രമങ്ങൾക്ക് ഇരയാകുന്നതായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇത് തീർത്തും അംഗീകരിക്കാനാവാത്തതാണെന്നും കോടതി വ്യക്തമാക്കി.
മണിപ്പുരിൽ മേയ് നാലിന് സ്ത്രീകളെ നഗ്നരാക്കി വഴിനടത്തി ലൈംഗികാതിക്രമം നടത്തിയ lസംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തേണ്ടത് നിർണായകമാണെന്ന് സുപ്രീംകോടതി പറഞ്ഞു. പ്രതികൾ തെളിവ് നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. കുറ്റകൃത്യത്തിന്റെ ഇരകൾക്ക് ജാതിഭേദമെന്യേ സഹായം ലഭിക്കണമെന്നും കോടതി പറഞ്ഞു.